തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍നിന്ന് വീണ് വിദേശികള്‍ക്ക് പരിക്കേറ്റു. സ്പാനിഷ് സ്വദേശി ക്രിസ്റ്റിനോ (32) ക്കാണ് വാഹനാപകടത്തില്‍ സാരമായ പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് 4.30 ന് പാപനാശം ഗവ. ഗസ്റ്റ്ഹൗസിന് സമീപത്തെ കൊടുംവളവിലാണ് അപകടം, ഇയാള്‍ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വളവ് തിരിയുമ്പോള്‍ അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണം തെറ്റി അപകടത്തില്‍ പെടുകയായിരുന്നു. സഹയാത്രികന്‍ ലണ്ടന്‍ സ്വദേശി മാര്‍കസ് റഷ്‌ഫോര്‍ഡിനും നിസാര പരിക്കേറ്റു.
വര്‍ക്കല പാപനാശം ബീച്ചില്‍ വാടകയ്‌ക്കെടുക്കുന്ന ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്ന ഭൂരിപക്ഷം വിദേശികള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടാകാറില്ല. കഴിഞ്ഞ ആഴ്ച മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാര്‍ഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാത്ത 13-ഓളം വിദേശികളെ പിടികൂടി പിഴയീടാക്കിയിരുന്നു.
ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായാലും അതുപയോഗിച്ച് വാഹനം ഓടിക്കുവാന്‍ അനുമതി നല്‍കില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് പെര്‍മിറ്റാണ് (ഐഡിപി) വേണ്ടത്. പരിശോധനയില്‍ കേവലം ഒരാള്‍ക്കുമാത്രമാണ് ഐഡിപി ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: