പനമരം : വേനല്‍ കടുത്തതോടെ വയനാട് കടുത്ത വരള്‍ച്ചയിലേക്ക്. തോടുകളിലും പുഴകളിലും ജലവിതാനം താഴ്ന്നു. ചെറിയ നീര്‍ച്ചാലുകളും അരുവികളും വറ്റിവരണ്ടു. നാല് പതിറ്റാണ്ടു മുന്‍പ് വരെ വയനാട് ജലസമൃദ്ധമായിരൂന്നു. കടുത്ത വേനലില്‍പ്പോലും വറ്റാത്ത പുഴകളും ചെറിയ തോടുകളും ജലത്തിന്റെ അക്ഷയ സംഭരണ കേന്ദ്രങ്ങളായിരുന്ന ചതുപ്പുകളും, കുളങ്ങളും ഇന്ന് വനപ്രദേശങ്ങളിലടക്കം അപ്രത്യക്ഷമായി. നൂറ്റാണ്ടുകളായി വയനാടിനെ ഹരിതാഭമാക്കിയിരുന്ന സ്വാഭാവിക വനങ്ങള്‍ മുറിച്ചുനീക്കപ്പെട്ടു. ഇതുകൂടാതെ പന്ത്രണ്ടായിരം ഹെക്ടറോളം സ്വാഭാവിക വനങ്ങള്‍ മുറിച്ചുമാറ്റി തേക്കും യൂക്കാലിയും നട്ടുപിടിപ്പിച്ചു. ഒരിക്കലും വയനാടിന്റെ ഭൂപ്രകൃതിക്ക് യോജിച്ചതല്ല ഈ തരത്തിലുള്ള വൃക്ഷങ്ങള്‍.
വയനാട്ടിലുണ്ടായിരുന്ന തനതുമരങ്ങള് പൊഴിക്കുന്ന ഇലകള്‍ മണ്ണിനു മുകളില്‍ ആവരണമായി നില്‍ക്കുകയും ജലബാഷ്പം തടയുകയും ചെയ്തിരുന്നു. എന്നാല്‍ സിലിക്ക അടങ്ങിയ തേക്കിന്റെ ഇല ജല ബാഷ്പം ത്വരിതപ്പെടുകയും മറ്റു ചെടികളുടെ വളര്‍ച്ച തടയപ്പെടുകയും ചെയ്യുന്നു. 1970 ന് ശേഷമാണ് വയനാട്ടില്‍ വ്യാപകമായി തേക്കും യൂക്കാലിയും നട്ടുപിടിപ്പിച്ചത് .വയനാട് വന്യജീവി സങ്കേതങ്ങളില്‍ നല്ലൊരു ശതമാനവും മരങ്ങളും സാമൂഹിക വനവല്ക്കരണത്തിന്റെ പേരില്‍ നട്ടുവളര്‍ത്തിയ തേക്കും യൂക്കാലിയുമാണ്.
ഓഷ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ചതുപ്പുകള്‍ കൃഷിയോഗ്യമാക്കി മാറ്റാന്‍ വേണ്ടിയാണ് യൂക്കാലി വ്യാപകമായി നട്ടുവളര്‍ത്തിയത്. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു യൂക്കാലി മരം അറുപത്തി അഞ്ചു ഗ്യാലന് ജലം വരെ അന്തരീക്ഷത്തിലേക്ക് പുറം തള്ളുന്നു എന്നാണ് പറയപ്പെടുന്നത്.
വയനാട് ഡക്കാന്‍ പീഠഭൂമിയുടെ ഒരറ്റമാണ്. എന്നാല്‍ ഇതിന്റെ ഭാഗമായ കര്‍ണ്ണാടകയിലേയോ തമിഴ്നാട്ടിലേയോ കാലാവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ് വയനാട്ടിലെ കാലാവസ്ഥ. ഇതിനു കാരണം അതിര്‍ത്തിക്കപ്പുറത്ത് നിന്നും വരുന്ന ചൂട് കാറ്റിനെ പ്രതിരോധിക്കുന്ന മുളം കാടുകളും നിത്യഹരിത വനങ്ങളുമായി രൂന്നു. മുളകള്‍ പൂത്ത് നശിച്ചതോടെ പ്രകൃത്ത്യാല്‍ വയനാടിനുണ്ടായിരുന്ന ജൈവ മതില് നഷ്ടമായി.ഇതിന്റെ പ്രത്യക്ഷാനുഭവമായി പുല്‍പ്പള്ളി, മുള്ളം കൊല്ലി, നൂല്‍പ്പുഴ ,പൂതാടി പഞ്ചായത്തുകളില്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ ചൂട് അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് വരെ വയനാട്ടിലെ പുഴകളില്‍ ഒരു മീറ്റര്‍ മുതല്‍ നാലു മീറ്റര്‍ വരെ ഘനത്തില്‍ മണലുണ്ടായിരുന്നു. പുഴകളിലെ മണലടുക്കുകളിലെ സൂക്ഷ്മരന്ധ്രങ്ങള്‍ നല്ല ജലസംഭരണികളാണ് ഇത് ഭൂഗര്‍ഭ ജലവിതാനം താഴാതെ സഹായിക്കുന്നു. എന്നാല്‍ അനിയന്ത്രിതമായ മണല്‍ വാരല്‍ മണലും അതി നടിയിലുള്ള കളിമണ്ണിന്റെ അടുക്കും നഷ്ടപ്പെടുത്തി. ജലം ഭൂമിയിലേക്ക് ഇറങ്ങാനുള്ള സാദ്ധ്യതകള്‍ കുറഞ്ഞു.
കാലങ്ങള്‍ക്ക് മുന്‍പ് പുഴയോരങ്ങളും, തോടുകളും മുള, ഓട, കൈത, കാട്ടുകരിമ്പ് ,ഞാറമരങ്ങള്‍ എന്നിവയാല്‍ സമൃദ്ധമായിരുന്നു.ഇവയുടെ വേരുകള്‍ ജലസംഭരണത്തിന് പ്രധാന പങ്കുവഹിച്ചിരുന്നു.കൂടാതെ ഇവയെ ആശ്രയിച്ച് മത്സ്യങ്ങള്‍ ,പക്ഷികള്‍ ,ഉരഗങ്ങള്‍ ,ചെറു ജന്തുക്കള്‍ എന്നിവയുമുണ്ടായിരുന്നു. എന്നാല്‍ ഇവയുടെ നാശത്തോടെ ഈ ജീവികളും അപ്രത്യക്ഷമായി. വയനാട്ടിലെ തനത് മത്സ്യങ്ങളില്‍ പലതും കേട്ടുകേള്‍വി മാത്രമായി .ഒരു കാലത്ത് മുപ്പത്തി ആറായിരത്തോളം ഹെക്ടര്‍ നെല്കൃഷിയുണ്ടായിരുന്ന വയനാട്ടിലിപ്പോള്‍ പന്ത്രണ്ടായിരത്തില്‍ താഴെ മാത്രമേ നെല്‍കൃഷിയുള്ളൂ. അഞ്ച് സെന്റെ നെ ല്‍ പാടത്ത് അഞ്ച് മിനുട്ട് മഴ പെയ്താല്‍ ഏകദേശം അറുനൂറ് ലിറ്ററോളം ജലം ഭൂമിയില്‍ സംഭരിക്കപ്പെടും എന്നാണ് കണക്കാക്കുന്നത് .എന്നാല്‍ കൃഷിഭൂമിയില്‍ നല്ലൊരു ഭാഗം കഴുങ്ങിനും വാഴക്കും വേണ്ടി മാറ്റി വച്ചപ്പോള്‍ അവശേഷിക്കുന്ന ജലവും നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: