കല്‍പ്പറ്റ : ഒരു സര്‍വ്വീസ് മാത്രമുളള റൂട്ടുകളില്‍ കണ്സെഷന് പുനഃസ്ഥാപിക്കാന്‍ ബാലാവകാശസംരക്ഷണ കമ്മീഷന് നിര്‍ദ്ദേശം. ഒരു സര്‍വ്വീസ് മാത്രം നടത്തുന്ന റൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് നിരക്ക് അനുവദിക്കേണ്ടെന്ന ഉത്തരവ് പിന്‍വലിക്കാന്‍ സംസ്ഥാനബാലാവകാശസംരക്ഷണകമ്മീഷന് കെഎസ് ആര്‍റ്റിസി മാനേജിങ് ഡയറക്റ്റര്‍ക്ക് നിര്ദ്ദേശംനല്കി. കെഎസ്സ് ആര്റ്റിസിയുടെ ഈ തീരുമാനം വിവേചനപരവും കടുത്തബാലാവകാശലംഘനവുമാണെന്ന് കമ്മീഷന് വിലയിരുത്തി. ഒരു സര്വ്വീസ്മാത്രം നടത്തുന്ന സംസ്ഥാനത്തെ എല്ലാറൂട്ടുകളിലും വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാനും ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ വനപ്രദേശമായ ചേകാടിയില്നിന്ന് പുല്പ്പള്ളിയിലെത്തുന്ന ഗോത്രവര്ഗ്ഗത്തില് പെട്ടവര്‍ ഉള്‍പ്പെടെയുളള വിദ്യാര്‍ഥികള്‍ക്ക് കെ.എസ്സ്.ആര്.റ്റി.സി കണ്സെഷന് നിഷേധിക്കുന്നതായി വന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ കൈക്കൊണ്ട നടപടിയിലാണ് തീരുമാനം. യാത്രയ്ക്കുളള ഏക ആശ്രയം കെഎസ്സ്ആര്റ്റിസി ബസ്സ് മാത്രമായ ഇവിടെ കുട്ടികള്‍ക്ക് ദിവസം ഏറ്റവും കുറഞ്ഞത് 24 രൂപ യാത്രയ്ക്ക് മുടക്കേണ്ടിവരുന്നതിനാല്‍ കുട്ടികളുടെ പഠനം മുടങ്ങുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അവധിദിനം ഉള്‍പ്പെടെ എല്ലാ ദിവസവും രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ 40 കിലോമീറ്റര്‍ പരിധിയില്‍ കണ്സെഷന് അനുവദിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് കെഎസ്സ്ആര്റ്റിസിക്കും ബാധകമാണെന്നാണ് ഗതാഗതകമ്മീഷണര്‍ കമ്മീഷനെ അറിയിച്ചത്. വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് അനുവദിക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ കെഎസ്സ്ആര്റ്റിസി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഗതാഗതവകുപ്പ് സെക്രട്ടറിക്ക് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമ്മീഷന് അധ്യക്ഷ ശ്രീമതി ശോഭാ കോശി, അംഗം ശ്രീമതി ഗ്ലോറി ജോര്‍ജ്ജ് എന്നിവരുടേതാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: