തിരുനെല്ലി : ഒരു വര്‍ഷത്തോളമായി തോല്‍പ്പെട്ടിയിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തുന്ന മോഴയാനയെ തളക്കാന്‍ നടപടിയായില്ല. കഴിഞ്ഞദിവസങ്ങളിലുണ്ടായ മോഴയുടെ പരാക്രമണങ്ങളില് നരിക്കല്ല് പിവിഎസ് എസ്റ്റേറ്റ് തൊഴിലാളിയുടെ വീടിന്റെ അടുക്കള കുത്തി പൊളിച്ചു. തൊഴിലാളിയായ അനന്തന്റെ അടുക്കളയുടെ ഒരു ഭാഗമാണ് പൊളിച്ചത്. സംഭവം പുലര്‍ച്ചെയായിരുന്നു.
ഭാര്യയും മക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. എസ്റ്റേറ്റില്‍ നൈറ്റ് വാച്ച്മാനാണ് അനന്തന്. സന്ധ്യ മയങ്ങുമ്പോള്‍ തന്നെ ഗ്രാമങ്ങളിലേക്ക് ചേക്കേറുന്ന മോഴയെ പേടിയാണ് പ്രദേശവാസികള്‍ക്ക്. പുലര്‍ച്ചേ മുതല്‍ എട്ടുമണി വരെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥായാണിപ്പോള്‍. 2015 ല്‍ ഭീതി പരത്തുന്ന മോഴയെ താപ്പാനകളെ കൊണ്ടുവന്ന് തളച്ച് ആനപ്പന്തിയില്‍ പരിശീലനം നല്കുമെന്നുള്ള മുന്‍ ഡിഎഫ്ഒയുടെ ഉറപ്പ് നടപ്പിലായില്ല എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
കഴിഞ്ഞ ദിവസം പുലര്‍ച്ചേ കാട്ടാനയെ ഓടിക്കാനെത്തിയ ഡെപ്യുട്ടി റെയ്ഞ്ചര്‍ സുധാകരനും പരിക്കേറ്റിരുന്നു. മോഴയെ ഓടിക്കാനായി പടക്കം കത്തിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെയാണ് കൈപത്തിക്ക് പൊള്ളലേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് അദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: