കല്‍പ്പറ്റ : സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ ആശുപത്രിയിലോ ചികിത്സ തേടണമെന്ന് ഡി.എം.ഒ. ഡോ. ആശാദേവി അറിയിച്ചു.
വളരെ ഉയര്‍ന്ന ശരീര താപം, വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗതയിലുള്ള നാഡിമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം തുടങ്ങിയവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. അന്തരീക്ഷ താപനില വര്‍ദ്ധിക്കുമ്പോള്‍ ധാരാളം വെള്ളം കുടിക്കണം. ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഓരോ മണിക്കൂറിലും 2-4 ഗ്ലാസ് വെള്ളം കുടിക്കണം. വെയിലത്ത് പണി ചെയ്യേണ്ടവര്‍ ജോലി സമയം ക്രമീകരിക്കണം. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയുള്ള സമയം വിശ്രമിക്കണം. ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലിലേക്ക് മാറി നില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. ത്വക്കിലും ശരീരത്തിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടനെ വെയിലത്തു നിന്ന് മാറി നില്‍ക്കണം.
തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കണം. കൈ കാലുകളും മുഖവും കഴുകുകയോ കുളിക്കുകയോ ചെയ്യണം. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെയും പ്രായമായവരെയും ഇരുത്തിയിട്ടു പോകരുത്. കട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. അസ്വസ്ഥതകള്‍ കൂടുതലായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടറുടെ സേവനം തേടണമെന്നും ഡി.എം.ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: