മലപ്പുറം: രാജ്യദ്രോഹികളെ സംരക്ഷിക്കുന്ന സിപിഎം-കോണ്‍ഗ്രസ് നിലപാടുകള്‍ പ്രതിഷേധാര്‍ഹമാണെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.ടി.വിപിന്‍. യുവമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദേശരക്ഷാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ സാധാരണക്കാരായ ജനങ്ങലെ വെല്ലുവിളിക്കുന്ന രീതിയിലാണ് സിപിഎമ്മും കോണ്‍ഗ്രസും നീങ്ങുന്നത്. രാജ്യദ്രോഹകുറ്റത്തിന് രാജ്യത്തെ പരമോന്നത നീതിപീഠം വധശിക്ഷ നല്കിയ കൊടുകുറ്റവാളികളുടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത് രാജ്യദ്രോഹം തന്നെയാണ്. അഫ്സല് ഗുരു ആരാണെന്ന കാര്യം മറന്നതുപോലെയാണ് സിപിഎമ്മും കോണ്‍ഗ്രസും പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ച ഭീകരരെ അനുസ്മരിക്കുന്നതും അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും രാജ്യദ്രോഹമാണെന്ന സത്യം വിസ്മരിക്കുകയാണ് ഇരുകൂട്ടരും. ബിജെപിയെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതുകൊണ്ടാണ് അവര്‍ രാജ്യദ്രോഹികളുടെ സംരക്ഷകരായി അവതരിച്ചിരിക്കുന്നത്. ഭാരതത്തിലെ സര്‍വകലാശാലകളെ തീവ്രവാദ സങ്കേതങ്ങളാക്കി മാറ്റാന്‍ കാലങ്ങളായി സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കമ്യൂണിസ്റ്റുകാര്‍ രാജ്യത്തിന് വേണ്ടി ഇതുവരെ ഒന്നും ചെയ്തിട്ടില്ല. പാവപ്പെട്ട തൊഴിലാളികള്‍ക്കിടയില്‍ കള്ളപ്രചരണം നടത്തി അവരുടെ രക്ഷകരായി നിലനിന്നുകൊണ്ട് രാജ്യത്തിനെതിരെയാണ് ഇതുവരെ കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യാ-ചൈന യുദ്ധത്തിലടക്കം ഇതേ നിലാപാട് തന്നെയാണവര്‍ സ്വീകരിച്ചത്. ന്യൂനപക്ഷ വിഭാഗത്തെ ബിജെപിക്കെതിരെ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മുസ്ലീം ലീഗെന്ന പാര്‍ട്ടിയുടെ കണ്കെട്ട് വിദ്യയില്‍ കേരളത്തിലെ വിരലിലെണ്ണാവുന്ന മുസ്ലീമുകളെ ബിജെപിക്കെതിരെ നിര്‍ത്താന്‍ കഴിഞ്ഞു. പക്ഷേ അതില്‍ സത്യം മനസിലാക്കിയ തൊണ്ണൂറു ശതമാനം ആളുകളും മാനസികമായി ബിജെപിയോടടുത്തു. പണ്ട് രാജ്യത്തെ വിഭജിക്കണമെന്ന് പല സന്ദര്‍ഭങ്ങളിലായി ആവശ്യപ്പെട്ടവരാണ് കമ്യൂണിസ്റ്റുകാരും, കോണ്‍ഗ്രസുകാരും, മുസ്ലീം ലീഗും. ഈ മൂവരും ചേര്‍ന്നുള്ള മുന്നണിയാണ് ഇന്ന് രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നതും. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരു തലമുറയെ ദേശവിരുദ്ധരാക്കുന്നതിലൂടെ ഈ പാര്‍ട്ടികള്‍ക്ക് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. രാജ്യത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇത് അനുവദിച്ചുകൊടുക്കാന്‍ സാധിക്കില്ല. രാജ്യത്തിന്റെ രക്ഷക്കായി അണിനിരക്കുന്ന ദേശസ്നേഹികളോടൊപ്പം എന്നും ബിജെപിയും യുവമോര്‍ച്ചയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച സംസ്ഥാന സമിതിയംഗം ജയപ്രകാശ് കായണ്ണ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രവി തേലത്ത്, പി.ആര്.രശ്മില്‍നാഥ്, യുവമോര്‍ച്ച ജില്ലാ ഭാരവാഹികളായ രതീഷ് അങ്ങാടിപ്പുറം, ശിതു കൃഷ്ണന്, ഷിനോജ് പണിക്കര്‍, ശ്രീജിത്ത് അരിമ്പ്രാ, കെ.ടി.അനില്‍കുമാര്‍, നമിദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: