തിരുവനന്തപുരം: ആറു വര്‍ഷം മുന്‍പ് ഉദ്ഘാടനം ചെയ്ത കരമനയില്‍നിന്ന് തുടങ്ങി കളിയിക്കാവിളവരെയുള്ള ദേശീയപാതയുടെ പണി പ്രാവച്ചമ്പലം വരെപോലും പൂര്‍ത്തിയാക്കാതെയാണ് ഇന്ന് ഉദ്ഘാടന നാടകം സംഘടിപ്പിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് പറഞ്ഞു. റോഡിന് ഇരുവശവുമുള്ള തെരുവ് വിളക്കും, ട്രാഫിക് സിഗ്നലുകളും, ട്രാഫിക് ഐലന്‍ഡുകളുടെ പണിയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. റോഡിന് ഇരുവശവുമുള്ള ഓടകളുടെ പണിയും പൂര്‍ത്തിയായിട്ടില്ല എന്നിരിക്കെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നോട്ടിഫിക്കേഷന്‍വരും എന്ന ഒറ്റ കാരണത്താലാണ് ഇന്ന് ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്. കരമന മുതല്‍ പ്രാവച്ചമ്പലംവരെയുള്ള റോഡുപണിയല്ല കളിയിക്കാവിളവരെയുള്ള റോഡിനുവേണ്ടിയാണ് ദശാബ്ദങ്ങളായി തിരുവനന്തപുരത്തെ ജനത ആഗ്രഹിച്ചിരുന്നത്. അതാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്. പ്രാവച്ചമ്പലം മുതല്‍ വഴിമുക്കുവരെയുള്ള പാതയ്‌ക്കുവേണ്ടി ഭൂമി ഏറ്റെടുത്തുവെങ്കിലും ഭൂമി നഷ്ടപ്പെട്ടവര്‍ക്കു നല്‍കേണ്ട 268 കോടി രൂപ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ തുശ്ചമായ തുക നല്‍കി ജനങ്ങളെ പറ്റിക്കാനാണ് ശ്രമിക്കുന്നത്. ഭൂമി നഷ്ടപ്പെട്ട മുഴുവന്‍ ആള്‍ക്കാര്‍ക്കും അര്‍ഹതപ്പെട്ട പണം ഉടന്‍തന്നെ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അഡ്വ. എസ്. സുരേഷ് ആവശ്യപ്പെട്ടു. കരമന-കളിയിക്കാവിള ദേശീയപാത പൂര്‍ത്തീകരിക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെയും, ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാത്തതിലും പ്രതിഷേധിച്ച് ബിജെപി ഇന്ന് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: