പത്തനംതിട്ട: റോഡ്, പാര്‍പ്പിടം, ആരോഗ്യം, കൃഷി, കുടിവെള്ളം തുടങ്ങിയ മേഖലകളിലെ അടിസ്ഥാനസൗകര്യ വികസനത്തിനും ക്ഷേമ പദ്ധതികള്‍ക്കും മുന്‍തൂക്കം നല്കുന്ന 2016-17 സാമ്പത്തിക വര്‍ഷത്തെ ജില്ലാ പഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അവതരിപ്പിച്ചു. 103,32,52,000 രൂപ വരവും 101,97,52,000 രൂപ ചെലവും 1,35,00,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ഭരണസമിതിയുടെ പ്രഥമ ബജറ്റ്. റോഡുകളുടെ നിര്‍മാണത്തിനും നവീകരണത്തിനുമാണ് ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത്-42.20 കോടി രൂപ., പൊതു ടോയ്ലറ്റുകള്, വഴിയോര വിശ്രമകേന്ദ്രങ്ങള്‍, ആധുനിക അറവുശാലയുടെ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്ക് 70 ശതമാനം തുക ജില്ലാ പഞ്ചായത്ത് ലഭ്യമാക്കും. എല്ലാവര്ക്കുംഭവനം എന്ന പദ്ധതി പ്രകാരം ജില്ലയിലെ ഭവനരഹിതര്‍ക്ക് പാര്‍പ്പിടം ലഭ്യമാക്കുന്നതിന് ഇന്ദിരാ ആവാസ് യോജന(ഐഎവൈ) പദ്ധതി പ്രകാരമുള്ള മുന്‍ ബാധ്യതകള്‍ തീര്‍ക്കുന്നതുള്‍പ്പെടെ 14 കോടി രൂപ വകയിരുത്തി. ഇതില്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തിന് എട്ട് കോടി രൂപയും പൊതുവിഭാഗത്തിന് ആറു കോടി രൂപയും നീക്കിവച്ചു. ജില്ലാ പഞ്ചായത്തിന്റെ 16 ഡിവിഷനുകളിലെയും ടൂറിസം മേഖലകളെ ബന്ധിപ്പിച്ചു കൊണ്ട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ സഹകരണത്തോടെ ടൂറിസം സര്‍ക്യൂട്ട് പരിപാടി നടപ്പാക്കുന്നതിന് 50 ലക്ഷം രൂപ വകയിരുത്തി.ആരോഗ്യമേഖലയ്ക്കായി 10,500000 രൂപ വകയിരുത്തി.
കാന്‍സര്‍ ചികിത്സയ്ക്കായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന്റെ സഹകരണത്തോടെ ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പുകളും ബോധവത്കരണ സെമിനാറുകളും സംഘടിപ്പിക്കും. ജില്ലയിലെ സീതാലയം യൂണിറ്റിന്റെ വികസനം, മഴക്കാലരോഗ -പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ രക്തസാക്ഷരത, സാന്ത്വനം, ക്ഷയ രോഗികള്‍ക്ക് പോഷകാഹാരം, ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എന്നിവയ്ക്കായി 70 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 4.67 കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള വിദ്യാലയങ്ങള്‍ സ്മാര്‍ട്ട് സ്കൂളാക്കി മാറ്റും. ഇതിന്റെ ഭാഗമായി കുടിവെള്ളം, സാനിറ്റേഷന്‍, കെട്ടിട മെയിന്റനന്‍സ്, ചുറ്റുമതില്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും. നദികള്‍, തോടുകള്‍, കൈത്തോടുകള്‍ എന്നിവ പരിരക്ഷിക്കും. ജില്ലയിലെ തോട്, കൈത്തോട്, അരുവി, പാടശേഖരങ്ങള്‍, പൊതുകുളങ്ങള്‍, സ്വകാര്യകുളങ്ങള്‍ തുടങ്ങി ജല സമ്പത്തുമായി ബന്ധപ്പെട്ട നീര്‍ത്തടങ്ങളുടെ കണക്കെടുത്ത് സംസ്ഥാനത്തെ ആദ്യ ജില്ലാതല വാട്ടര്‍ അറ്റ്ലസ് തയാറാക്കും. പാല് ഇറക്കുമതി കുറയ്ക്കുന്നതിനും ക്ഷീര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കും. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്‍കൃഷിയോടനുബന്ധിച്ച് ഒരു കൃഷി മീനും – ഒരു കൃഷി നെല്ലും എന്ന പദ്ധതിക്കു രൂപം നല്‍കും. അപ്പര്‍കുട്ടനാട്ടിലെ കാര്‍ഷിക മേഖല ആദായകരമാക്കുന്നതിന്റെ ഭാഗമായി നെല്‍കൃഷിയോടൊപ്പം മത്സ്യ കൃഷിയും നടത്തുന്നതിനുള്ളതാണ് കൃഷി വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെയുള്ള പദ്ധതി. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ ഐഎസ്ഒ നിലവാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി പരിശീലന പരിപാടി, റിക്കാര്‍ഡ് റൂം പൂര്‍ത്തീകരണം, ലിഫ്റ്റ്, അപ്രോച്ച് റോഡ്, മുകളിലത്തെ നിലയില്‍ കോണ്‍ഫറന്‍സ്ഹാള്‍ എന്നിവ നിര്‍മിക്കുന്നതിന് 95 ലക്ഷം രൂപ വകയിരുത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ നടന്ന ബജറ്റ് സമ്മേളനത്തില്‍ വികസന സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. റജി തോമസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലീല മോഹന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.ജി. അനിത, അംഗങ്ങളായ പി.വി. വര്‍ഗീസ്, സാം ഈപ്പന്, എം.ജി. കണ്ണന്, ബിനിലാല്‍, എസ്.വി. സുബിന്, സൂസന് അലക്സ്, ബി. സതി കുമാരി, വിനീത അനില്‍, അഡ്വ.ആര്.ബി രാജീവ് കുമാര്‍, ടി. മുരുകേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: