ആലത്തൂര്‍: സിവില്‍ സപ്ളൈസും കൃഷി വകുപ്പും തമ്മിലുള്ള തര്‍ക്കത്തെതുടര്‍ന്ന് ആലത്തൂര്‍ മോഡേണ്‍ റൈസ്മില്‍ പ്രവര്‍ത്തനം നിശ്ചലം. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കിലെ ആയിരകണക്കിന് കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്ന മോഡേണ്‍ റൈസ്മില്‍ ആധുനിക സൗകര്യങ്ങളോടെയാണ് കര്‍ഷകരുടെ നെല്ല് സംഭരിച്ച് അരിയാക്കി വിതരണം ചെയ്യുന്നതിന് പ്രവര്‍ത്തനം തുടങ്ങിയത്. ചുമട്ടുതൊഴിലാളികള്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ ഇവിടെ നിയമിക്കുകയും ചെയ്തു. ഇരുപത്തഞ്ചോളം ജീവനക്കാരുമുണ്ട്. തുടക്കത്തില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ച റൈസ്മില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തകര്‍ച്ചയിലായി.
സിവില്‍ സപ്ളൈസ് കോര്പറേഷന് സപ്ളൈകോ വഴി സംഭരിക്കുന്ന നെല്ല് ഇവിടെ കൊണ്ടുവന്ന് അരിയാക്കി റേഷന്‍ കട വഴി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റൈസ്മില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കര്‍ഷകരുള്ള ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കിലെ കര്‍ഷകരുടെ നെല്ല് സംഭരിച്ച് ഇവിടെ കൊണ്ടുവന്ന് അരിയാക്കുകയാണ് ചെയ്യുന്നത്. ഇതിനാല്‍ നെല്ല് സംഭരണം യഥാസമയം നടക്കുകയും കര്‍ഷര്‍ക്ക് കൃത്യസമയത്ത് പണം ലഭിക്കുകയും ചെയ്തിരുന്നു. നെല്ലിലെ ഈര്‍പ്പം കൂടുതലാണെന്ന് പറഞ്ഞ് സ്വകാര്യമില്ലുകാര്‍ നടത്തുന്ന ചൂഷണം ഇല്ലാതാക്കാനും മോഡേണ്‍ റൈസ്മില്ലിന്റെ പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ സംഭരണം തന്നെ അട്ടിമറിച്ചു.
മോഡേണ്‍ റൈസ്മില്‍ പ്രവര്‍ത്തിച്ചാല്‍ നെല്ല് സംഭരണം കാര്യക്ഷമമാകും. ഇതിന്റെ പ്രവര്‍ത്തനം നിലച്ചതോടെ സംഭരിക്കുന്ന നെല്ല് മുഴുവന്‍ സ്വകാര്യമില്ലുകാര്‍ക്ക് ലഭിക്കുന്നു. ഇവരാകട്ടെ വ്യാജ പിആര്‍എസ് ഉണ്ടാക്കി സപ്ളൈകോയില്‍നിന്ന് പണം തട്ടുകയും ചെയ്യുന്നു. ഇതിന് ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നു. സ്വകാര്യമില്ലുകളിലേക്ക് നെല്ല് നല്കിയ കര്‍ഷകരുടെ സര്‍വേ നമ്പര്‍ ഉപയോഗിച്ച് സപ്ളൈകോയില്‍ നെല്ല് നല്‍കിയതായി വ്യാജരേഖയുണ്ടാക്കി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിക്കുകയാണ്. കര്‍ഷകനെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടില്‍വന്ന പണം തട്ടിയെടുക്കുകയും ചെയ്യുന്നു.
കൃഷിവകുപ്പും സിവില്‍സപ്ളൈസ് വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് മോഡേണ്‍ റൈസ്മില്ലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. നടത്തിപ്പ് ചുമതല സിവില്‍സപ്ളൈസ് വകുപ്പിനാണെന്നും അല്ലെന്നുമുള്ള തര്‍ക്കം ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ ചരമക്കുറിപ്പെഴുതുന്നു. 1988ല്‍ കേന്ദ്രമന്ത്രിയായിരുന്ന എന്‍ ഡി തിവാരിയാണ് സോളാര്‍ പവര്‍പ്ളാന്റ് ഇവിടെ സ്ഥാപിച്ചത്. കൊയ്തെടുക്കുന്ന നെല്ല് അതേപടി ഇവിടെ കൊണ്ടുവന്ന് സോളാര്‍ ഊര്‍ജത്തില്‍ ഉണക്കി അരിയാക്കുന്ന പ്രക്രിയയാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അത് ഫലപ്രദമായില്ല തുടര്‍ന്നാണ് ആധുനിക റൈസ്മില്‍ നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: