കല്‍പ്പറ്റ : കരിന്തണ്ടന്റെ പിന്തലമുറക്കാരായ കണ്ണൂര്‍, വയനാട് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പണിയ വിഭാഗക്കാര്‍ വയനാട് ചുരത്തില്‍ കരിന്തണ്ടന് സ്മൃതിയാത്ര നടത്തും. വയനാട് ചുരത്തിന് കരിന്തണ്ടന് ചുരമെന്ന് നാമകരണം ചെയ്യണമെന്നും കരിന്തണ്ടന് മൂപ്പന് ലക്കിടി ചങ്ങലമരത്തിന് സമീപം സ്മാരകം നിര്‍മ്മിക്കണമെന്നും യാത്ര ആവശ്യപ്പെടും. പണിയ സമുദായത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് പീപ്പിന്റെ ആഭിമുഖ്യത്തില്‍ യാത്ര നടത്തിവരുന്നത്. നിത്യവും ആടുകളെ തെളിച്ച് ചുരം കയറിയിരുന്ന മൂപ്പന് ബ്രിട്ടീഷുകാര്‍ക്ക് ആടുകളെ എളുപ്പത്തില്‍ ചുരം കയറുന്ന വഴിയാണ് കാട്ടികൊടുത്തത്. ഈ പാത തെളിക്കാന്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ക്ക് ബുദ്ധിമുട്ടേണ്ടിവന്നില്ല. എന്നാല്‍ പിന്നീട് നടന്നത് കൊടുംചതിയുടെ നേര്‍ചിത്രമായിരുന്നു. പാത തെളിച്ചത് തങ്ങളാണെന്ന് വരുത്തിതീര്‍ത്ത് ബ്രിട്ടീഷ് പ്രഭുവില്‍നിന്ന് പട്ടും വളയും കരസ്ഥമാക്കിയ എഞ്ചിനീയര്‍മാര്‍ കരിന്തണ്ടനെ വയനാടന്‍ കാട്ടില്‍വെച്ചുതന്നെ വകവരുത്തിയെന്നാണ് പണിയര്‍ വിശ്വസിച്ചുവരുന്നത്. തലമുറകളായി പകര്‍ന്നുകിട്ടിയ ഈ അറിവാണ് കേരളത്തിലെ മുഴുവന്‍ പണിയവിഭാഗങ്ങളെയും കരിന്തണ്ടന് സ്മൃതിയാത്രയിലേക്ക് ആകര്‍ഷിക്കുന്ന ഘടകവും. സാമ്പത്തികമായുംസാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നിലുള്ള പണിയവിഭാഗങ്ങള്‍ കേരളത്തില്‍ ഇന്ന് പീപ്പിന്റെ കുടക്കീഴില് സംഘടിതരാണ്. വയനാട്ചുരത്തില്‍ തന്നെ വകവരുത്തി പാത തെളിച്ച് സാമ്രാജ്യം പടുത്തുയര്‍ത്തിയ ബ്രിട്ടീഷുകാരെ കരിന്തണ്ടന്റെ പ്രേതം പിന്നീട് വേട്ടയാടിയെന്നാണ് പണിയ കാരണവന്മാര് പറയുന്നത്. വയനാട് ചുരത്തില്‍ നിരവധി ബ്രിട്ടീഷ് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ട് പലരും മരിച്ചു. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ പ്രശ്നചിന്തയിലാണ് കരിന്തണ്ടന്റെ ആത്മാവ് ഗതികിട്ടാതെ അലയുന്ന വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് ആചാരനുഷ്ഠാനങ്ങളോടെ കരിന്തണ്ടന്റെ ആത്മാവിനെ ആവാഹിച്ച് ലക്കിടിയിലെ ചങ്ങലമരചുവട്ടില്‍ കുടിയിരുത്തി എന്നാണ് ഐതീഹ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: