തിരുവനന്തപുരം: വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയും മുന്‍ ചീഫ് സെക്രട്ടറിയും അനാവശ്യ തിടുക്കം കാട്ടിയെന്ന് വിജിലന്‍സ് കോടതിയില്‍ വാദം. പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണും എതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വാദിഭാഗം അഭിഭാഷകന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് ഫഌറ്റ് നിര്‍മിക്കാനാണ് കൈമാറിയത്. എന്നാല്‍ ഈ ഇടപാടില്‍ ക്രമക്കേടുണ്ടെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ സര്‍ക്കാര്‍ അഭിഭാഷകന് തള്ളി. പുറമ്പോക്കു ഭൂമിയാണെന്നും കയ്യേറ്റം ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷന് അഡീഷണല്‍ ഡയറക്ടര്‍ വക്കം ജി. ശശീന്ദ്രന് പറഞ്ഞു.
റവന്യൂ, ജലവിഭവം, വിജിലന്‍സ്, രജിസ്ട്രേഷന് തുടങ്ങിയ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണ് ഭൂമി പതിച്ചു നല്കാന് മുഖ്യമന്ത്രി അനുമതി നല്‍കിയത്. ജലവിഭവ വകുപ്പിന്റെ കൈവശമുള്ള ഭൂമിയായിരുന്നതിനാല്‍ തിരിച്ചെടുക്കാന്‍ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് ഉത്തരവിട്ടിരുന്നു. ഈ ഭൂമി സര്‍ക്കാര്‍ പുറമ്പോക്കാണെന്ന് വിജിലന്‍സും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ സംയുക്ത കമ്മറ്റി രൂപീകരിച്ച് റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും നിര്‍ദ്ദേശിക്കുകയായിരുന്നു. 2014 ഏപ്രില്‍ 29ന് സമര്‍പ്പിച്ച ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അഡീഷണല്‍ റവന്യൂ സെക്രട്ടറിയും ചേര്‍ന്ന് ഗൂഢാലോചന നടത്തി ഈ ഭൂമിയിലൂടെ കടന്നുപോയിരുന്ന ജലവിഭവ വകുപ്പിന്റെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ അനുമതി നല്‍കുകയായിരുന്നു എന്നാണ് വിഎസ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.
ജലവിഭവ വകുപ്പിന്റെ കാര്യത്തില്‍ മറ്റു വകുപ്പുകള്‍ ഇടപെടാന്‍ പാടില്ലെന്ന ചട്ടം അട്ടിമറിച്ചാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. ഭൂമി തന്റെതാണെന്നും അതിനാല്‍ ഇതിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈന്‍ മാറ്റണമെന്നും ആവശ്യപ്പെട്ട് ഭൂ ഉടമ ജലവിഭവ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ച് 14 ലക്ഷം രൂപ അടച്ചാല്‍ പൈപ്പ് ലൈന്‍ മാറ്റാമെന്ന് ജലവിഭവ വകുപ്പ് ഉത്തരവുമിറക്കി. എന്നാല്‍ ക്രമക്കേട് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ജലവിഭവ വകുപ്പ് പിന്നീട് ആ പണം മടക്കി നല്കി പിന്‍വലിഞ്ഞു.
ഇതൊന്നും പരിഗണിക്കാതെയാണ് മുഖ്യമന്ത്രി തിടുക്കപ്പെട്ട് ഭൂമി പതിച്ചു നല്കാന് ഉത്തരവിട്ടതെന്നും വാദിഭാഗം അഭിഭാഷകന് ടി.ബി. ഹൂദ് ചൂണ്ടിക്കാട്ടി.
കേസ് ലോകായുക്തയുടെ പരിഗണനയിലാണെന്നും അതിനാല്‍ വിജിലന്‍സ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ വക്കം ജി. ശശീന്ദ്രന് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെ ഹര്‍ജി നല്കാന് അനുമതി ലഭിച്ചിട്ടില്ലെന്നും പുറമ്പോക്ക് വസ്തുവിലാണ് പൈപ്പ് ലൈന്‍ സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: