കരുവാരക്കുണ്ട്: മലയോര മേഖലയില്‍ വിണ്ടും പുലിയിറങ്ങിയത് പ്രദേശവാസികള്‍ക്കിടയില്‍ ഭീതിപടര്‍ത്തി. ചിലമ്പിലകൈ മേഖലയിലാണ് കഴിഞ്ഞ ദിവസം പുലിയെ നാട്ടുകാര്‍ കണ്ടത്. ചൊവ്വാഴ്ച്ച ഈ പ്രദേശത്ത് നിന്നും വളര്‍ത്തുമൃഗങ്ങളെ കാണാതായിട്ടുമുണ്ട്. ഞായറാഴ്ച്ച പുലര്‍ച്ചെ ശബ്ദംകേട്ട് വീടിനു പുറത്തിറങ്ങിയ തോട്ടശേരി മുത്തുവാണ് പുലിയെ നേരില്‍ കണ്ടത്. ഒരുമാസത്തിനുളളില്‍ കരുവാരക്കുണ്ട് മേഖലയില്‍ അഞ്ചിടങ്ങളില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇതില്‍ ഇരിങ്ങാട്ടിരി, ചേരി, അരിമണല്‍, മണലിയാംപാടം എന്നിവിടങ്ങളിലാണ് പുലിയെ ആദ്യം കണ്ടത്. ചിലമ്പിലകൈയില് ഒരാഴ്ച്ചക്കിടെ രണ്ടാംതവണയാണ് പുലി പ്രത്യക്ഷപ്പെട്ടത്.
മുമ്പ് അരിമണല്‍ പതിനൊന്നാം മൈലിനു സമീപം പുലിയെ കണ്ടതായുളള വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയിരുന്നു. പുലിയെ പിടികൂടുവാനുളള സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. അരിമണലില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് കഴിഞ്ഞ ദിവസം വീണ്ടും പുലിയെ കണ്ടത്. കാട്ടനഭീതിയില് വിറങ്ങലിച്ചു കഴിയുന്ന മലയോരജനതക്ക് പുലിയുടെ സാന്നിധ്യം ഇരട്ടി പ്രഹരമായിരിക്കുകയാണ്.
രാവിലെ മദ്രസകളിലേക്ക് വിദ്യാര്‍ത്ഥികളെ പറഞ്ഞു വിടാനും രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. എത്രയും വേഗം വനംവകുപ്പ് അധികൃതര്‍ പുലിയെ പിടികൂടാന്‍ ശ്രമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: