രഞ്ജിത്ത്
പെരിന്തല്‍മണ്ണ: മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം കൊണ്ട് പേരുകേട്ട പെരിന്തല്‍മണ്ണയില്‍ ഇത്തവണ പുതുമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് സാധ്യത. നിലവിലെ എംഎല്‍എയും മന്ത്രിയുമായ മഞ്ഞളാംകുഴി അലി സുരക്ഷിത മണ്ഡലമായ കോട്ടക്കലിലേക്ക് ചേക്കേറുമെന്ന വാര്‍ത്ത സ്ഥിതീകരിച്ച സാഹചര്യത്തിലാണ് ഇത്തരം ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. പൊന്നാനിയും തവനൂരും കഴിഞ്ഞാല്‍ ഇടതുപക്ഷം പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലമാണ് പെരിന്തല്‍മണ്ണ. പ്രത്യേകിച്ചും തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ വിജയം അമിത ആത്മവിശ്വാസമാണ് ഇടതുമുന്നണിക്ക് നല്‍കുന്നത്. പക്ഷേ ആ വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനുള്ള ഭാഗ്യം ഇടതിനില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ യുഡിഎഫിനൊപ്പം നിന്ന മണ്ഡലം 2006 ല്‍ മാത്രമാണ് ഇടതിന് അനുകൂലമായി നിന്നത്. അന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായിരുന്ന വി.ശശികുമാര്‍ പരാജയപ്പെടുത്തിയത് താരതമ്യേന പുതുമുഖമായിരുന്ന പി.അബ്ദുള്‍ ഹമീദിനെ ആയിരുന്നു. എന്നാല്‍ അന്നത്തെ ലീഗ് തോല്‍വിക്ക് പ്രധാന കാരണം മന്ത്രി നാലകത്ത് സൂപ്പിയുമായി ബന്ധപ്പെട്ട വിവാദങ്ങളായിരുന്നു എന്നതാണ് സത്യം. യുഡിഎഫ് വിരുദ്ധ വോട്ടുകള്‍ ഏകോപിച്ചത് കാരണം ശശികുമാര്‍ ജയിച്ചുകയറി. എന്നാല്‍ 2011ലെ തെരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികളെ സംബന്ധിച്ചും അഭിമാന പ്രശ്നം തന്നെയായിരുന്നു. ഇടതുപക്ഷ സഹയാത്രികനും രണ്ട് തവണ മങ്കട എംഎഎയുമായ മഞ്ഞളാംകുഴി അലിയുടെ കാലുമാറ്റം തന്നെയായിരുന്നു ശ്രദ്ധേയമായത്. അലി സിപിഎം പാളയം വിട്ട് ലീഗില്‍ വന്നതോടെ തെരഞ്ഞെടുപ്പിന് വീറും വാശിയും കൈവന്നു. നിയമസഭയില്‍ പ്രതിപക്ഷത്തിനു വേണ്ടി വീറോടെ പൊരുതിയ മഞ്ഞളാംകുഴി അലിയും വി.ശശികുമാറും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ വിജയം അലിക്കൊപ്പമായി. ഇടതുപക്ഷം സര്‍വ്വ സന്നാഹവുമായി രംഗത്തിറങ്ങിയിട്ടും കാലുവാരിയവനെ തോല്‍പ്പിക്കാന്‍ സാധിക്കാഞ്ഞത് അണികളെ വേദനിപ്പിച്ചു. അണികളില്‍ പലരും കൂടാരം കയറി.
വീണ്ടും ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടതുപക്ഷത്തിന് നേരിടാന്‍ മഞ്ഞളാംകുഴി അലി ഉണ്ടാകില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത. മത്സരിച്ചാല്‍ ജയിക്കണമെന്ന് നിര്‍ബന്ധ ബുദ്ധിയുള്ള മഞ്ഞളാംകുഴി അലി ഒരു ഭാഗ്യപരീക്ഷണത്തിന് തുനിയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. ലീഗിന്റെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നെന്ന് കരുതപ്പെടുന്ന കോട്ടക്കലാണ് അലിയുടെ ഉന്നം. പല ലീഗ് നേതാക്കളും നോട്ടമിടുന്ന മണ്ഡലമാണ് കോട്ടക്കലെന്നത് മറ്റൊരു കാര്യം.
പക്ഷേ മന്ത്രിസഭയിലെ രണ്ടാമനും ലീഗിന്റെ അവസാന വാക്കുമായ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ മാനസപുത്രനുമാണ് അലിയെന്നത് അദ്ദേഹത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ പെരിന്തല്‍മണ്ണയില്‍ ആരെന്ന ചോദ്യമാണ് ഇപ്പോള്‍ ലീഗിനെ കുഴക്കുന്നത്. സാധ്യതാ ലീസ്റ്റില്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകളൊന്നും തന്നെ അണികള്‍ക്ക് സ്വീകാര്യമല്ല. 2006ല്‍ വി.ശശികുമാറിനോട് പരാജയപ്പെട്ട പി.അബ്ദുള്‍ ഹമീദാണ് പട്ടികയില്‍ ഒന്നാമന്. ശക്തനായ ഇടത് സ്ഥാനാര്‍ത്ഥി വന്നാല്‍ പരാജയം രുചിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് അണികള്‍ പറയുന്നത്. മുന്‍ ജില്ലാ പഞ്ചായത്തംഗം സലീം കുരുവമ്പലമാണ് രണ്ടാമത്തെയാള്‍. പക്ഷേ, ലീഗിനുള്ളിലെ ഗ്രൂപ്പ് പോര് ഇദ്ദേഹത്തിന് പരാജയം സമ്മാനിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ലീഗ് നേതൃത്വം പുറത്താക്കിയ പച്ചീരി ഫാറൂക്ക് എന്ന ഒറ്റയാന്റെ അഭാവം അണികള്‍പോലും തിരിച്ചറിയുന്നത്. പെരിന്തല്‍മണ്ണ നഗരസഭയില്‍ ലീഗിനേറ്റ തോല്‍വിയുടെ അനന്തരഫലമായിരുന്നു പച്ചീരി ഫാറൂക്കിനെ പുറത്തേക്കുള്ള വഴി തെളിച്ചത്. നഗരസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ഫാറൂക്കിനെ പുറത്താക്കിയതിന് പിന്നില്‍ മുന്‍മന്ത്രി നാലകത്ത് സൂപ്പിയാണെന്ന ആരോപണവും ശക്തമാണ്. മന്ത്രി മഞ്ഞളാംകുഴി അലിക്ക് ശേഷം പെരിന്തല്‍മണ്ണയില്‍ ആരെന്ന ചോദ്യത്തിനുള്ള ഒരേയൊരു ഉത്തരമായിരുന്നു പച്ചീരി ഫാറൂക്ക്. എന്നാല്‍ ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത പുറത്താകല്‍ ലീഗിന്റെ വിജയസാധ്യതകള്‍ക്ക് പോലും മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഒരുപക്ഷേ പച്ചീരി ഫാറൂക്ക് സ്വതന്ത്രനായി മത്സരിച്ചാല്‍ ലീഗ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനും സാധ്യതയുണ്ടെന്നാണ് സജീവ ലീഗ് പ്രവര്‍ത്തകര്‍ പോലും വിശ്വസിക്കുന്നത്. അതേസമയം ശക്തനായ ഇടതുസ്ഥാനാര്‍ത്ഥി വന്നാല്‍ മന്ത്രി എം.കെ.മുനീറിനെ പെരിന്തല്‍മണ്ണയിലേക്ക് പരിഗണിക്കാനുള്ള നീക്കവുമുണ്ട്. പ്രത്യേകിച്ചും കോഴിക്കോട് വേണ്ടെന്ന് മുനീറ് വ്യക്തമാക്കിയ സാഹചര്യത്തില്‍.
ലീഗിലെ പോലെതന്നെ സ്ഥാനാര്‍ത്ഥി ദൗര്‍ബല്യം ഇടത് മുന്നണിയിലുമുണ്ട്. പക്ഷേ പുറത്ത് പറയുന്നില്ലെന്ന് മാത്രം. മുന്‍ എംഎല്‍എ വി.ശശികുമാര്‍ അല്ലാതെ മറ്റൊരു പേര് മുന്നോട്ട് വെക്കാന്‍ ഇടത് മുന്നണിക്കാകുന്നില്ല. പക്ഷേ വരുന്ന സംഘടന തെരഞ്ഞെടുപ്പില്‍ ജില്ലാ സെക്രട്ടറിയാകാന്‍ സാധ്യതയുള്ള ശശികുമാറിനെ നിയമസഭയിലേക്ക് മത്സരിപ്പിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ പൊന്നാനി എംഎല്‍എ പി.ശ്രീരാമകൃഷ്ണന് പെരിന്തല്‍മണ്ണയില്‍ മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പെരിന്തല്‍മണ്ണ സ്വദേശിയാണെന്നുള്ളത് പി.ശ്രീരാമകൃഷ്ണന്റെ അനുകൂല ഘടകങ്ങളിലൊന്നാണ്. പിന്നെയുള്ള പേരുകള്‍ ഡിവൈഎഫ്ഐ നേതാവ് സി.എച്ച്.ആഷിഖിന്റെയും മുന്‍ അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.റഷീദ് അലിയുടെയുമാണ്. മഹിളാ നേതാവ് പി.കെ.സൈനബ സ്ഥാനാര്‍ത്ഥിയായാലും അത്ഭുതപ്പെടാനില്ല.
അതേസമയം ഇരുമുന്നണികളും ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഭയത്തോടെയാണ് നോക്കിക്കാണുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിച്ച വിമോചനയാത്രക്ക് പെരിന്തല്‍മണ്ണയില്‍ തടിച്ചുകൂടിയ ജനസഞ്ചയം ഇടത്വലത് മുന്നണികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വിഭാഗത്തില്‍ നല്ലൊരു ശതമാനം ഇക്കുറി ബിജെപിക്ക് വോട്ടു ചെയ്യുമെന്ന പരസ്യമായ നിലപാടുമെടുത്തിട്ടുണ്ട്. എന്തായാലും ശക്തമായ ത്രികോണ മത്സരത്തിനോ ചതുഷ്കോണ മത്സരത്തിനോ ആണ് പെരിന്തല്‍മണ്ണയില്‍ കളമൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: