എരുമേലി: സ്വകാര്യ ബസുകളുടെ റദ്ദാക്കിയ പെര്‍മിറ്റിനു പകരം കെഎസ്ആര്‍ടിസി ഏറ്റെടുത്ത സര്‍വ്വീസുകള്‍ സ്വകാര്യ ബസ് ലോബിക്കുവേണ്ടി അട്ടിമറിക്കാന്‍ നീക്കം.
എരുമേലി ഡിപ്പോയില്‍ നിന്നും ടേക്ക് ഓവര്‍ സര്‍വ്വീസായി നടത്തിയിരുന്ന മാങ്കുളം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബസില്ലാത്തതിന്റെ പേരില്‍ റദ്ദാക്കിയിരിക്കുന്നത്.
12 ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടുന്ന എരുമേലിയില്‍ പകരം സര്‍വ്വീസുകള്‍ക്കായി നല്കിയ ബസ് കുമളി ഡിപ്പോയ്ക്ക് നല്‍കിയതാണ് എരുമേലിയിലെ ദീര്‍ഘദൂര സര്‍വ്വീസ് നിലയ്ക്കാന്‍ കാരണം.
ദീര്‍ഘദൂര സര്‍വ്വീസുകള്‍ നടത്തുന്നതിനായി നിലവിലെ കണക്കനുസരിച്ച് രണ്ട് ബസുകളാണ് വേണ്ടത്. എന്നാല്‍ ഒരു ബസാണ് നിലവിലുള്ളത്. ഈ ബസാണ് രണ്ടുമാസക്കാലമായി കുമളി ഡിപ്പോയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നല്കിയ ബസ് ഇതുവരെ തിരിച്ചെടുക്കാന്‍ കഴിയാത്തതാണ് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.
ദിവസേന പതിനായിരത്തിലധികം രൂപയുടെ വരുമാനമുള്ള മാങ്കുളം സര്‍വ്വീസ് ബസില്ലാത്തതിന്റെ പേരില്‍ റദ്ദാക്കിയതിന്റെ പിന്നില്‍ സ്വകാര്യ ബസ് ലോബികളെ സഹായിക്കാനാണെന്ന് യാത്രക്കാര്‍ ആരോപിച്ചു.
എരുമേലി ഡിപ്പോയില്‍ വേണ്ടത്ര ഡ്രൈവര്‍മാരില്ലാതെ സര്‍വ്വീസുകള്‍ മുടങ്ങുന്ന പതിവ് ഉണ്ടായിട്ടും മിക്ക ഡ്രൈവര്‍മാരെയും അവധിയെടുപ്പിച്ച് മറ്റ് വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കുന്നതിനു പിന്നിലും എരുമേലി കെഎസ്ആര്‍ടിസിയെ നശിപ്പിക്കാനാണെന്ന ആരോപണവും ശക്തമായിരിക്കുകയാണ്. ഡിപ്പോയിലെ സര്‍വ്വീസുകള്‍ മുടങ്ങുന്നതിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: