ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ ഇഴഞ്ഞുനീങ്ങുന്നു. സാങ്കേതികതടസങ്ങള് പറഞ്ഞാണ്നിര്മാണം വൈകിപ്പിക്കുന്നത്. പാത ഇരട്ടിപ്പിക്കല്‍ കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ എന്നു പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ ആര്‍ക്കും ഉറപ്പു നല്കാന് കഴിയുന്നില്ല. 150 കോടി രൂപയാണ് പ്രവര്‍ത്തികള്‍ക്കായി വേണ്ടത്.
കഴിഞ്ഞ ബജറ്റില്‍ 75 കോടിയോളം രൂപ അനുവദിച്ചു. നാലു റീച്ചുകളിലായാണ് പണി നടക്കുന്നത്. പണം ഒരു തടസമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടും, സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാട്ടുകയാണ്.പാതയിരട്ടിപ്പിക്കലിന് ചില ഭാഗങ്ങളില്‍ നോട്ടിഫിക്കേഷന്‍ പുറത്തുള്ള സ്ഥലവും ഏറ്റെടുക്കേണ്ടതുണ്ട്. 50 സെന്റ് ഭൂമിയാണ് ഇത്തരത്തില്‍ ഏറ്റെടുക്കേണ്ടി വരുക. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനപുറത്തിറക്കിയിട്ടില്ല. ഏറ്റെടുത്ത ഭൂമി സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസും നിര്‍മാണം വൈകുന്നതിന് കാരണമാകുന്നുണ്ട്.
കരുവാറ്റയിലെ പുത്തനാര്‍ ഉള്‍പ്പെടെയുള്ള ദേശീയ ജലപാതയുടെ ഭാഗങ്ങളില്‍ പാലം നിര്‍മാണത്തിന് കേന്ദ്രത്തില്‍ നിന്നുള്ള എന്‍ഒസി ലഭിക്കാനും വൈകി.അമ്പലപ്പുഴ-ഹരിപ്പാട് പാതയിരട്ടിപ്പിക്കലിനായി നാലു റീച്ചിലായി ഒമ്പതു സബ് വേകളാണ് നിര്‍മാണത്തിലുള്ളത്. പുത്തനാറിലെയും സമീപത്തുള്ള പാലത്തിന്റെയും പണി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ തകഴി വരെയുള്ള ജോലികള്‍ വേഗത്തിലാക്കാനാവൂയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
സബ് വേകളില്‍ ജെട്ടി ഗെയിറ്റ്, വഴിയമ്പലം, ഗണപത്യാംകുളങ്ങര, ചിന്മയ, ബ്രഹ്മപുരം, വാതുകുളങ്ങര, വെള്ളായണിമുക്ക് എന്നിവ റെയില്‍ഗതാഗതം തടസപ്പെടാതെ ഡൈവേര്‍ഷനിലൂടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാമെന്നാണ് പ്രതീക്ഷ. അമ്പലപ്പുഴ ഹരിപ്പാട് പാതയില്‍ ചെറുതും വലുതുമായ പതിനഞ്ചിലധികം പാലങ്ങള്‍ നിര്മിക്കേണ്ടതായായിട്ടുണ്ട്.
സാങ്കേതിക തടസങ്ങളും അലംഭാവവുമാണ് പായതുടെ നിര്‍മാണം വൈകിപ്പിക്കുന്നത്. നിര്‍മാണം ആലപ്പുഴ വരെ പൂര്‍ത്തിയാകുന്നതോടെ കായംകുളം ആലപ്പുഴ തീരദേശ പാത ഇരട്ടപാതയായി മാറും.
റെയില്‍വേ ജോലികള്‍ക്കായുള്ള മണ്ണെടുപ്പിന് പാരിസ്ഥിതികാനുമതി വേണ്ടെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചിരുന്നു. പക്ഷെ ഇതിന്റെ പ്രയോജനങ്ങളൊന്നും തന്നെ ഇവിടെ ലഭിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: