കാസര്‍കോട്: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലത്തിന്റെ നാഷമല് കരിയര്‍ സര്‍വ്വീസസിന്റെ ഭാഗമായി കോഴിക്കോടുള്ള മോഡല്‍ കരിയര്‍ സെന്ററും, കാസര്‍കോട് വിവേകാനന്ദ എഡുക്കേഷണല് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, യുവകിരണ്‍ എന്നിവ സംയുക്തമായി 28ന് വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തില്‍ മെഗാ തൊഴില്‍മേള നടത്തും. രാവിലെ 8 മണിമുതല്‍ രജിസ്ട്രേഷന് ആരംഭിക്കും. മുന്‍ കൂട്ടി പേര് രജിസ്ട്രര്‍ ചെയ്യാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവേകാനന്ദ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ രജിസ്ട്രര്‍ ചെയ്യാവുന്നതാണ്. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ നാഷണല്‍ കരിയര്‍ സര്‍വ്വീസസിന്റെ www. ncs.gov.in എന്ന വെബ്സൈറ്റില്‍ പേര് രജിസ്ട്രര്‍ ചെയ്യാം.
5-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യത മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള 3000 ലധികം വിവിധ ഒഴിവുകളിലേക്ക് തൊഴില്‍ മേളയില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതാണ്. വിവിധ വിദ്യാഭ്യാസ യോഗ്യതകളും ജോലി പരിചയം ഉള്ളവരും ഇല്ലാത്തവരുമായ പതിനായിരത്തോളം തൊഴില്‍ രഹിതര്‍ പ്രസ്തുത മേളയില്‍ പങ്കെടുക്കും. തൊഴില്‍മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കും തൊഴില്‍ ദാതാക്കളായ കമ്പനികള്‍ക്കും യാതൊരുവിധ ഫീസും ഉണ്ടായിരിക്കില്ല. ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ താല്പര്യമുള്ള സ്വകാര്യ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ അവര്‍ നല്കുന്ന തൊഴില്‍ സംബന്ധമായ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും മേളയില്‍ ലഭിക്കും. താല്പര്യമുള്ള സ്വകാര്യവാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ, 0471 2332113, 9495746866 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടണം. പത്രസമ്മേളനത്തില്‍ കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ പി.ജി.രാമചന്ദ്രന്, വിവേകാനന്ദ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്മാന് എന്‍.സതീശന്, വൈസ് ചെയര്മാന്മാരായ അഡ്വ.കെ.കരുണാകരന് നമ്പ്യാര്‍, സി.വേണുഗോപാല്‍ പൊതുവാള്, സെക്രട്ടറി കെ.എന്‍.വേണുഗോപാല്‍, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ എം.എസ്.രമേഷ് കുമാര്‍, യുവകിരണ്‍ പ്രതിനിധികളായ അനൂപ്, രുപേഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: