കാഞ്ഞങ്ങാട്: സിപിഎം പ്രാദേശിക നേതാവ് റവന്യു ഭൂമി കയ്യേറിയതായി പരാതി. പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയോട് ചേര്‍ന്നുള്ള ഇരിയ ബംഗ്ലാവ് എന്ന പേരിലറിയപ്പെടുന്ന സര്‍ക്കാര്‍ വക ഭൂമിയാണ് സമീപത്തെ സിപിഎം പ്രാദേശിക നേതാവ് കയ്യേറിയിട്ടുള്ളത്. ഭൂമി കയ്യേറി ഇവിടെ റബ്ബര്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥലം കയ്യേറിയത് സംബന്ധിച്ച് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നിരുന്നെങ്കിലും നേതാവ് ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥലം കയ്യേറിയതിന് പുറമെ സ്ഥലം തന്റേതാണെന്നും പതിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ട് ലാന്റ് ട്രിബ്യൂണലില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ സ്ഥലത്തിന് തൊട്ടടുത്ത ഇരിയയിലെ ഉപേന്ദ്രന് വാഴുന്നവരുടെ 33 സെന്റ് സ്ഥലവും കയ്യേറി പതിച്ചുകിട്ടാനായി കേസ് നല്‍കിയതായും സ്ഥലമുടമയായ ഉപേന്ദ്രന് വാഴുന്നവര്‍ പറയുന്നു. സര്‍വ്വെ നമ്പര്‍ 478/4 ല്‍ 33 സെന്റാണ് ഉപേന്ദ്രന് വാഴുന്നവര്ക്കുള്ളത്. ഇതിന് കൃത്യമായി നികുതി അടച്ചുവരുന്നതിന്റെ പ്രമാണങ്ങളും ഉപേന്ദ്രന് വാഴുന്നവരുടെ കയ്യിലുണ്ട്. സ്ഥലം കയ്യേറിയത് സംബന്ധിച്ച് കയ്യേറ്റക്കാരനായ വാഴക്കോടന്‍ അമ്പൂഞ്ഞിയുടെ പേരില്‍ അമ്പലത്തറ പോലീസില്‍ പരാതിയും നിലവിലുണ്ട്. മുന്ന് വര്‍ഷം മുമ്പാണ് കയ്യേറ്റം നടന്നത്.
ബ്രിട്ടീഷ് കാലഘട്ടത്തില്‍ വിശ്രമത്തിനായി ഉപയോഗിച്ചിരുന്ന സ്ഥലമാണ് കയ്യേറ്റം ചെയ്തിട്ടുള്ളത്. ഇതിന്റെ ചരിത്രസ്മാരകങ്ങളായ ബംഗ്ലാവും, കുതിരാലയവും ഇപ്പോഴും നിലില്‍ക്കുന്നുണ്ട്. ഇവുടത്തെ സ്ഥലവും കെട്ടിടവും ചരിത്രസ്മാരകമായി നിലനിര്‍ത്താന്‍ പുരാവസ്തു വകുപ്പ് മുന്നോട്ട് പോയിരുന്നു. ഇതിനിടയിലാണ് കയ്യേറ്റം നടന്നത്. സര്‍വെ നമ്പര്‍ 478 ല്‍ 2, 3, 4 സബ് ഡിവിഷന് നമ്പറുകളിലാണ് ഇവിടുത്തെ സ്ഥലങ്ങള്‍ സ്ഥിതിചെയ്യുന്നത്. 3 ല്‍ ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന 93 സെന്റ് സ്ഥലവും, 2 ല്‍ പഞ്ചായത്ത് വക 2 സെന്റ്സ്ഥലവും 4 ല്‍ ഉപേന്ദ്രന് വാഴുന്നവരുടെ 33 സെന്റ് സ്ഥലവുമാണ് റവന്യുഭൂമിയോട് ചേര്‍ന്നുള്ളത്. റവന്യുഭൂമിയുടെ ഭൂരിഭാഗവും സ്വകാര്യ വ്യക്തി കയ്യേറിയ നിലയിലാണ്. കോടോം ബേളൂര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലത്തെ നാമക്കല്ല് പോലും കയ്യേറിയിട്ടുണ്ട്.
1965-70 കാലഘട്ടത്തില്‍ ബംഗ്ലാവ് കെട്ടിടത്തില്‍ ഇരിയയിലെ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. കാടുമൂടിയ കെട്ടിടങ്ങളില്‍ നിന്ന് വിലപിടിപ്പുള്ള പല മരങ്ങളും സാമൂഹ്യവിരുദ്ധര്‍ കൊണ്ടുപോയി. ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് ചരിത്രവിദ്യാര്‍ത്ഥികള്‍ക്കായി നിലനിര്‍ത്തണമെന്നത് ദീര്‍ഘകാലത്തെ ആവശ്യമാണ്. ജില്ലയില്‍ കാസര്‍കോട്ട കോട്ട, കുറ്റിക്കോലിലെ ഭൂമി ഉള്‍പ്പെടെ നിരവധി റവന്യുഭൂമികള് സിപിഎം നേതാക്കള്‍ കയ്യേറിയിട്ടുള്ളത് വിവാദമായിരുന്നു. ഇരിയയിലെ ഭൂമികയ്യേറ്റവും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. കയ്യേറിയ സ്ഥലം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടി.വി.സുരേഷ്, സെക്രട്ടറി രതീഷ് പൊള്ളക്കട, യുവമോര്‍ച്ച ജില്ലാ സമിതി അംഗം വിനോദ് പൊളളക്കട, ബിഎംഎസ് പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് എ.വി.ഗിരീഷ്, ബിജെപി മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് മനോജ് കോട്ടപ്പാറ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: