പുല്‍പ്പള്ളി : സ്കൂള്‍ വളപ്പിലെ തണല്‍മരങ്ങള്‍ മുറിച്ച് മാറ്റിയതായി പരാതി. മുള്ളന്‍കൊല്ലി സെന്റ്മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, സെന്റ് തോമസ് യു.പി സ്കൂള്‍ പരിസരങ്ങളിലെ തണല്‍ മരങ്ങള്‍ അനാവശ്യമായി മുറിച്ച് മാറ്റിയതായി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും അധികൃതര്‍ക്ക് പരാതിയയച്ചു.
ഇതിനെതിരെ ഭീമ ഹര്‍ജ്ജിയും തയ്യാറാക്കിയിട്ടുണ്ട്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ പഴകി ദ്രവിച്ച മരം ഒടിഞ്ഞുവീണ് ഒരു വിദ്യാര്‍ത്ഥിനി ദാരുണമായി മരിച്ച സംഭവത്തെത്തുടര്‍ന്ന് സ്കൂള്‍ – കോളേജ് ക്യാമ്പസ്സുകളിലെ അപകട ഭീഷണിയില്ലാത്ത മരങ്ങള്‍വരെ തിടുക്കത്തില്‍ മുറിച്ചുമാറ്റാനുള്ള സ്കൂള്‍ മാനേജ്മെന്റ് അധികൃതരുടെ പെട്ടെന്നുള്ള തീരുമാനമാണ് അപകടരഹിതമായ മരങ്ങള്മുറിച്ചുമാറ്റുന്നതിന് പിന്നില്‍.
വിദ്യാലയ കോമ്പൗണ്ടുകള്‍ ഹരിതാഭമാക്കണമെന്ന ആശയം നിലനില്‍ക്കെയാണ് ചില കാമ്പസ്സുകളില്‍ തണല്‍ മരങ്ങള്‍ വെറുതെ മുറിച്ച് നീക്കുന്നത്. പഴക്കമുള്ളവയും ദ്രവിച്ചതുമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് പകരമാണ് ശീതളഛായ നല്കുന്ന തണല്‍മരങ്ങള്‍ മുറിച്ചുമാറ്റുന്നത്.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നിരവധി വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥികളും അധ്യാപകരും നട്ടുപിടിപ്പിച്ച തണല്‍ മരങ്ങള്‍ക്കാണ് നിര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ സര്‍വ്വ നാശം സംഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: