ഇരിട്ടി: ആറളം ഗ്രാമ പഞ്ചായത്തിലെ കീഴ്പള്ളി ചതിരൂരില്‍ കാട്ടാനക്കൂട്ടമിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. ചെത്തിമറ്റത്തില്‍ ചാണ്ടി, ജോസഫ് വടക്കേക്കര, മാത്യു കുറ്റാരപ്പള്ളി, മോളി സബാസ്റ്റ്യന്‍, ജോസ് നെടുങ്കണ്ടത്ത്, പള്ളിത്താഴത്തു ബിനോയ്, മത്തായി കണ്ണങ്കുളം, ദേവസ്യ മാനംകുഴി തുടങ്ങിയവരുടെ നിരവധി തെങ്ങുകള്‍, കവുങ്ങുകള്‍, വാഴകള്‍ തുടങ്ങിയ കാര്‍ഷിക വിളകളാണ് ആനകള്‍ നശിപ്പിച്ചത്. ഈ മേഖലയില്‍ കുറെ കാലമായി കാട്ടാന ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളില്‍ ആറളം വനത്തില്‍ നിന്നും ഇറങ്ങി വരുന്ന കാട്ടാനകളെ പ്രതിരോധിക്കുന്നതിനായി വൈദ്യുത വേലികള്‍ തീര്‍ത്തിട്ടുണ്ടെങ്കിലും ഇവയൊക്കെ ചവിട്ടി തകര്‍ത്തും മരങ്ങള്‍ വേലിക്കു മുകളില്‍ മറിച്ചിട്ടും മറ്റുമാണ് കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത്. രാത്രികാലങ്ങളില്‍ തീ കുണ്ഡമൊരുക്കിയും തകരപ്പാട്ട കൊട്ടിയും മറ്റും പ്രതിരോധം തീര്‍ക്കുന്നുണ്ടെങ്കിലും ഇവയെ കാട്ടാനകള്‍ മറികടക്കുകയാണ്. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കാട്ടാനകള്‍ നശിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് നഷ്ടപരിഹാരം നല്കാന് അധികൃതര്‍ തയ്യാറാകണമെന്നുമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: