കാസര്‍കോട്: ജില്ലയിലെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മീഷന് കണ്ടെത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് പീഡനങ്ങള്‍ കൂടുതലായി നടക്കുന്നതെന്ന് സംസ്ഥാന വനിതാ കമ്മിഷനംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. ഇന്നലെ നടന്ന സിറ്റിങ്ങില്‍ കമ്മീഷന് ലഭിച്ച പരാതികളില്‍ 25 ശതമാനവും തൊഴിലിടങ്ങളിലെ പീഡന പരാതിയായിരുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഇതുപോലെ സ്ഥാപനങ്ങളില്‍ പീഡനം നടക്കുന്നതായും അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു. മാനേജ്മെന്റ് പീഡനത്തിനെതിരെ അണ്‍എയിഡഡ് സ്കൂളുകളിലെ അധ്യാപികമാര്‍ വനിതാ കമ്മീഷന് മുന്നിലെത്തി. അധ്യാപികമാരെ അകാരണമായി പിരിച്ചു വിടുക, ശമ്പളം തടഞ്ഞു വെക്കുക, പ്രവൃത്തി പരിചയ സാക്ഷ്യപത്രം അനുവദിക്കാതിരിക്കുക തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൂടുതലായി ലഭിക്കുന്നതായി കമ്മിഷന് വിലയിരുത്തി. ചിലയിടത്ത് ബാങ്ക് അധികൃതരും കീഴ് ജീവനക്കാരായ ഉദ്യോഗസ്ഥകളെ അപമാനിക്കുന്നുണ്ട്. കാസര്‍കോട്ടെ ഒരു ബിഎഡ് കോളജില്‍ ഒരു വിദ്യാര്‍ഥിനിയെ മാനസീകമായി പീഡിപ്പിച്ച സംഭവത്തില്‍ കമ്മിഷന് പരാതി ലഭിച്ചിരുന്നു. പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുക, ഇന്റേണല്‍ അസസ്മെന്റില്‍ മാര്‍ക്ക് കുറക്കുക തുടങ്ങിയവയാണ് കോളജ് അധികൃതര്‍ നടത്തുത്ത പീഡന രൂപങ്ങള്‍. വനിതാകമ്മിഷന് പരാതികൊടുക്കുകയും തുടര്‍ന്ന് സിറ്റിങ്ങില്‍ സംബന്ധിക്കാതെ വ്യാജ പരാതി നല്‍കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇത്തരം ആളുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിയമ രേഖയുണ്ടാക്കേണ്ടതുണ്ട്. സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെയും അതിക്രമങ്ങള്‍ നടന്നു വരികയാണ്. സ്കൂളുകളില്‍ കലാലയ ജ്യോതി എന്ന പരിപാടി വനിതാ കമ്മീഷന് ആരംഭിച്ചിട്ടുണ്ട്. അതു വഴി കുട്ടികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴികളെക്കുറിച്ച് കുട്ടികള്‍ക്ക് മനസ്സിലാക്കാനും സാധിക്കുമെന്നും അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡയകളാണ് ഇന്നത്തെ സ്ത്രീകളെയും കുട്ടികളെയും വഴിതെറ്റിക്കുന്നതെന്നും അത്തരം സംഭവത്തിനെതിരേ ബോധവല്‍ക്കരണം അത്യവശ്യമാണെന്നും അവര്‍ പറഞ്ഞു. ഇന്ന് നടക്കുന്ന ടി.വി സീരിയലുകള്‍ക്കെതിരേ കര്‍ശന നിയന്ത്രണം ഏര്‍പെടുത്താന്‍ കമ്മീഷന് ഉദ്ദേശിക്കുന്നതായി അവര്‍ വ്യക്തമാക്കി. ഗുണകരമായതും നന്മ നിറഞ്ഞതുമായ സീരിയലുകള്‍ പുറത്തുവരുന്നില്ല. അവിഹിതം നിറഞ്ഞതും അമ്മായിയമ്മ പോരുനിറഞ്ഞതുമായ സീരിയലുകള്‍ സ്ത്രീകളെ വഴിതെറ്റിക്കുന്നതായി അവര്‍ പറഞ്ഞു. ഇന്നലെ നടന്ന സിറ്റിംഗില്‍ പരിഗണിച്ച 65 കേസുകളില്‍ 23 കേസുകള്‍ തീര്‍പ്പാക്കി. 17 എണ്ണം പോലീസിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചെണ്ണം ആര്.ഡി.ഒ യോടും റിപ്പോര്‍ട്ട് തേടി. അടുത്ത തവണ നടക്കുന്ന സിറ്റിങ്ങിലേക്ക് 20 എണ്ണം മാറ്റി വച്ചു. അഡ്വ. അനില്‍ റാണി, വുമണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാലി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: