കാഞ്ഞങ്ങാട്: ഞായറാഴ്ച അര്‍ധരാത്രി സിപിഎം നടത്തിയ തേര്‍വാഴ്ചയില്‍ കാഞ്ഞങ്ങാട്ടെ വിവിധ പ്രദേശങ്ങളില്‍ നിരവധി പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ത്തു. നൂറോളം വരുന്ന സിപിഎം ക്രിമിനല്‍ സംഘമാണ് ഒരേ സമയം വിവിധ ഭാഗങ്ങളില്‍ അക്രമം നടത്തിയത്. മരണ വീടുപോലും അക്രമികള്‍ ഒഴിവാക്കിയില്ല. കൊളവയല്‍ പ്രദേശത്ത് ഗൃഹനാഥന്മാര് വിദേശത്തുള്ള വീടുകള്‍ തെരഞ്ഞ് പിടിച്ചാണ് അക്രമം നടത്തിയത്. രോഗികളായവരെയും ഇവര്‍ വെറുതെ വിട്ടില്ല.
അക്രമികളുടെ കുത്തേറ്റ് മംഗലാപുരത്തും കാഞ്ഞങ്ങാട്ടുമായി ഏഴ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ കൊളവയലിലെ ലക്ഷ്മണന്, മകന് യശ്വന്ത്, പൊയ്യക്കരയിലെ കരുണാകരന്, പ്രജീഷ് എന്നിവരെ മംഗലാപുരം സ്വകാര്യാശുപത്രികളിലും, അജാനൂര്‍ കടപ്പുറം സുനാമി കോളനിയിലെ സുധാകരന്, ബിനീഷ്, ഭാര്യ ഷൈന എന്നിവര്‍ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.
മംഗലാപുരത്തുള്ള രണ്ടുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. കുത്തേറ്റ് കുടല്‍മാല പുറത്തുചാടിയ നിലയിലാണ് ഇവരെ മംഗലാപുരത്ത് പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് രണ്ട് മേജര്‍ സര്‍ജറി നടത്തി ജീവന് രക്ഷിക്കാനുള്ള ശ്രമത്തിലാണ്. തണ്ണോട്ട് ബിജെപി ഓഫീസ് അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. തണ്ണോട്ട് ബിജെപി ഓഫീസായ ഉമാനാഥറാവു മന്ദിരത്തന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍, ടിവി, ഫാന്‍ എന്നിവ നശിപ്പിച്ചു. കസേരകള്‍ കഷണങ്ങളാക്കി. രാത്രി 10 മണിക്ക് ശേഷമാണ് എല്ലാ ഭാഗത്തും അക്രമം നടന്നിട്ടുള്ളത്. ഇത് ഒരേ സമയത്താണ് എന്നത് സിപിഎം നടത്തിയത് മൂന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നുള്ളതിന്റെ തെളിവാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പറഞ്ഞു.
അജാനൂര്‍ പഞ്ചായത്തിലെ രാവണേശ്വരം കൊളത്തിങ്കാലില്‍ അഞ്ച് വീടുകളിലാണ് അക്രമം നടത്തിയത്. ചേറ്റ്കുണ്ടില്‍ നിന്നും കുടിയേറിപാര്‍ത്ത നാലു കുടുംബങ്ങളും ചിത്താരി കടപ്പുറത്തുനിന്നും വന്ന ഒരു കുടുംബവുമാണ് സിപിഎം സംഘം തെരഞ്ഞ് പിടിച്ച് അക്രമിച്ചത്. കൊളത്തിങ്കാലിലെ നാരായണിയുടെ വീട്ടിലെ പുതിയതായി വാങ്ങിയ കാര്‍ ചെങ്കല്ല് കൊണ്ട് ഇടിച്ചും എറിഞ്ഞും പൂര്‍ണമായും തകര്‍ത്തു. മൂന്ന് ബൈക്കുകളും തകര്‍ത്തു. ഇവിടുത്തെ കുടിവെളള പൈപ്പുകള്‍, ജനലുകള്‍ എന്നിവ തകര്‍ത്തു. എം.നിവാസിലെ മാധവി അമ്മയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തള്ളിക്കൊണ്ടുപോയി തകര്ത്തിതന്ന ശേഷം ദൂരെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ബിഎംഎസ് ഓട്ടോ ഡ്രൈവര്‍ സുരേശന് നാട്ടാങ്കല്ലിന്റെ ഓട്ടോറിക്ഷയും ബൈക്കും തകര്‍ത്തു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭസ്കരന്റെ വീട്ടിലെത്തിയ സംഘം വടിവാളുകൊണ്ട് ജനല്‍ ചില്ലുകള്‍ കുത്തിപ്പൊളിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തു പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടതായി ഭാര്യ ജയന്തി പറഞ്ഞു. പൂര്‍ണ ഗര്‍ഭിണിയായ മകള്‍ ശാരിക കിടന്നിരുന്ന മുറിയുടെ ജനല്‍ ചില്ലുകളാണ് വടിവാളുകൊണ്ട് കുത്തിയിട്ടത്. ഇവര്‍ ഭയന്ന് ഗോവണിപ്പടിയുടെ അടിയില്‍ നേരം വെളുക്കുന്നതും കാത്ത് കിടന്നു. എല്ലാവരുടെയും കയ്യില്‍ വടിവാള്‍ കമ്പിപ്പാര തുടങ്ങിയ മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായി വീട്ടുകാര്‍ പറയുന്നു.
കൊളവയലില്‍ സുനാമി കോളനിയിലെ പതിനാല് വീടുകളാണ് അക്രമത്തനിരയായത്. സുധാകരന്, അംബികാ ബാബു, ലീന നാരായണന്, ഗംഗന് കൊളവയല്‍, മുണ്ടവളപ്പില്‍ രാജു, കുഞ്ഞിരാമന് പൊയ്യക്കര, വിദ്യാധരന്, ബേബി, ലക്ഷ്മണന്, സുരേന്ദ്രന്, ദീപക് പൊയ്യക്കര, ശ്രീധരന് പൊയ്യക്കര എന്നിവരുടെ വീടുകളും, ഗോപി സ്മാരക മന്ദിരം പൊയ്യക്കര, കരിഞ്ചാമുണ്ഡി ദേവസ്ഥാനം ബസ് വെയിറ്റിംഗ് ഷെഡ് എന്നിവയും അക്രമികള്‍ തകര്‍ത്തു.
കൊളവയലിലെത്തിയ സംഘം മുഖംമൂടിയും കയ്യുറയും ധരിച്ചാണെത്തിയത്. കൊളവയിലെ ലക്ഷമണന്റെ വീട്ടിനുള്ളില്‍ കയറിയ സംഘം അഞ്ചാംക്ലാസുകാരിയായ മകളുടെ മുന്നിലിട്ടാണ് അച്ചനെയും സഹോദരനെയും കുത്തിയത്. അക്രമികള്‍ ഉപേക്ഷിച്ച കൈയ്യുറകള്‍ സ്ത്രീകള്‍ പോലീസിനെ ഏല്‍പ്പിച്ചെങ്കിലും അത് കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയ്യാറായില്ല. പിന്നീട് അക്രമികള്‍ അര്‍ധരാത്രി വാതില്‍ പൊളിച്ച് അകത്ത് കടന്ന് ഉപേക്ഷിച്ച തെഴളിവുകള് തിരിച്ചെടുക്കുകയായിരുന്നു. പോലീസ് അക്രമികള്‍ക്ക് അനുകൂലമായ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചത്.
സംഭവ സ്ഥലങ്ങള്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്. പി.രമേശ്, ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, ഉദുമ മണ്ഡലം പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമന്, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി.രാധാകൃഷ്ണന്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഇ.കൃഷ്ണന്, എസ്.കെ.കുട്ടന്, രവീന്ദ്രന് മാവുങ്കാല്‍, എ.കെ.സുരേഷ്, ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് എസ്.സുദര്ശന്, ജില്ലാ കാര്യകര്യകര്ത്താക്കളായ കെ.വി.ഉണ്ണികൃഷ്ണന്, കെ.ശ്രീജിത്, എകെ.ഷൈജു, കെ.അഭിലാഷ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: