ബത്തേരി : ദേശീയപാത 212 ലെ രാത്രിയാത്രാ നിരോധനത്തിന് ഏറ്റവും ഉചിതമായ പരിഹാരം ദേശീയപാതയിലെ വനമേഖലയില്‍ ഇടവിട്ട് സ്ഥാപിക്കുന്ന ജൈവപാലങ്ങളാണെന്ന് നീലഗിരി-വയനാട് എന്‍എച്ച് & റയില്‍വേ ആക്ഷന്‍കമ്മറ്റി. വനത്തില്‍ റോഡിന് കുറുകെ മൃഗങ്ങള്‍ക്ക് കടന്നുപോകാന്‍ സ്ഥാപിക്കുന്ന മേല്‍പ്പാലങ്ങളാണ് ഇക്കോ ബ്രിഡ്ജ്. കോണ്‍ക്രീറ്റ് മേല്‍പ്പാലത്തില്‍ മണ്ണു നിറച്ച് ചെടികള്‍ നട്ട് വനത്തിന്റെ അന്തരീക്ഷമുണ്ടാക്കുകയാണ് ഇത്തരം പാലങ്ങളില്‍ ചെയ്യുന്നത്. മൃഗങ്ങള്‍ക്ക് ഈ പാലത്തിലൂടെ അപകടഭീഷണിയില്ലാതെ റോഡ് മുറിച്ചു കടക്കാം. ചുരുങ്ങിയ കാലത്തെ പരിചയം കൊണ്ടുതന്നെ മൃഗങ്ങള്‍ ഇതുമായി പൊരുത്തപ്പെടും. ഉരഗങ്ങള്‍ക്കും ചെറുജീവികള്‍ക്കും റോഡ് മുറിച്ചു കടക്കാന്‍ ജൈവ ഇടനാഴി എന്ന ചെറു തുരങ്കങ്ങളും റോഡില്‍ നിര്‍മ്മിക്കാം. അമേരിക്കയിലെ ഫെഡറല്‍ ഹൈവേ അഡ്മിനിസ്ട്രേഷന് ഇത്തരം മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് വിശദമായപഠനം നടത്തിയിട്ടുണ്ട്. അമേരിക്കയിലേയും കാനഡയിലേയും യൂറോപ്പിലേയും പല വന്യജീവി സങ്കേതങ്ങളിലും ജൈവപാലങ്ങളും ജൈവഇടനാഴികളും ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. വനമേഖലയിലെ 19കിലോമീറ്റര്‍വരുന്ന ദേശീയപാത 212 ല്‍ ഒരു കിലോമീറ്റര്‍ അകലത്തിലായി 17ജൈവ പാലങ്ങളും 17 ജൈവ ഇടനാഴികളും സ്ഥാപിക്കുകയും റോഡിനിരുവശവും മൃഗങ്ങള്‍ റോഡിലിറങ്ങാതിരിക്കാന്‍ വേലികെട്ടി വേര്‍തിരിക്കുകയും ചെയ്താല്‍ രാത്രിയാത്രാ നിരോധനത്തിന് ശാശ്വതപരിഹാരമുണ്ടാക്കാം. പകല്‍ സമയത്തെ അപകടങ്ങളും ഇതുമൂലം ഇല്ലാതാക്കാന്‍ സാധിക്കും. ആക്ഷന്‍കമ്മറ്റി ഈനിര്‍ദ്ദേശം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയ ജൈവപാലങ്ങളുടേയും ജൈവ ഇടനാഴികളുടേയും ചിത്രങ്ങളും വിദേശരാജ്യങ്ങളിലെ പഠനറിപ്പോര്‍ട്ടുകളും ആക്ഷന്‍കമ്മറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഒരു ജൈവപാലത്തിന് ഒരുകോടി രൂപയേ ചിലവുവരൂ. ജൈവഇടനാഴിക്ക് മൂന്ന്ലക്ഷം രൂപയും ചിലവുവരും. പാലങ്ങള്‍ക്കും ഇരുവശത്തെ വേലിക്കുമടക്കം 40 കോടി രൂപയില്‍ താഴെമാത്രം ചിലവാക്കിയാല്‍ ദേശീയപാതയിലെ രാത്രിയാത്രാനിരോധനത്തിന് ശാശ്വതപരിഹാരമുണ്ടാക്കാം. ഇതുസംബന്ധിച്ച് ആക്ഷന്‍കമ്മറ്റി സംസ്ഥാനസര്‍ക്കാറിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയുമായി ഇതുസംബന്ധിച്ച്ചര്‍ച്ച നടത്തുമെന്നും ആക്ഷന്‍കമ്മറ്റി അറിയിച്ചു. പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ ടി.എം.റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, ഫാ:ടോണി കോഴിമണ്ണില്‍, പി.വൈ.മത്തായി, വി.മോഹനന്, എം.എ.അസൈനാര്‍, ഒ.കെ.മുഹമ്മദ്, ജോസ്കപ്യാര്മല, നാസര്‍കാസിം, മോഹനന്നവരംഗ്, സംഷാദ്, ജോയിച്ചന്‍ വര്‍ഗ്ഗീസ്, റാംമോഹന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: