കല്‍പ്പറ്റ : അംഗന്‍വാടി കെട്ടിടത്തിന് ഭൂമി നല്കിയ കുടുംബാംഗത്തെ ജോലിയില്‍നിന്നും പുറത്താക്കാന്‍ അധികൃതനീക്കം. അംഗന്‍വാടി ഹെല്‍പ്പറായി ജോലി ചെയ്തുവരുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മെച്ചന മേലെക്കൊല്ലി അച്ചപ്പന്റെ മരുമകള്‍ ഒ.ആര്.ലീലയെ ജോലിയില്‍നിന്നും പുറത്താക്കി പുറത്തുനിന്നുള്ളവര്‍ക്ക് ജോലി നല്‍കാനാണ് അധികൃതരുടെ ശ്രമമെന്ന് ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
1980 ലാണ് കോട്ടത്തറ ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് മെച്ചനയില്‍ ആദിവാസി നവോദയ മഹിളാസമാജം ബാലവാടി തുടങ്ങിയത്. കുടുംബത്തിലെ ഒരാള്‍ക്ക് സ്ഥിരം ജോലി നല്‍കുമെന്ന വ്യവസ്ഥയിലാണ് മേലെക്കൊല്ലി അച്ചപ്പന്‍ പത്ത് സെന്റ് ഭൂമി കെട്ടിടത്തിനായി വിട്ടുനല്‍കിയത്. ഇതുപ്രകാരം അച്ചപ്പന്റെ മരുമകള്‍ ജാനകി കേളു ഹെല്‍പ്പറായി ജോലിയില്‍ പ്രവേശിച്ചു. 2014ല്‍ ജാനകി വിരമിച്ചതിനെതുടര്‍ന്ന് അച്ചപ്പന്റെ മരുമകള്‍ ഒ.ആര്.ലീല ഹെല്‍പ്പറായി ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.
ജോലിയില്‍ പ്രവേശിച്ച് പത്ത് മാസം കഴിഞ്ഞതോടെ ഒരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ ജനുവരി 26ന് സി.കെ.ഗിരിജ സ്ഥലമാറ്റ ഉത്തരവുമായി അംഗന്‍വാടിയില്‍ എത്തുകയായിരുന്നു. എന്നാല്‍ ലീലയുടെ നിയമനവുമായി ബന്ധപ്പെട്ട് ഒരു നിര്‍ദ്ദേശവും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഇതുസംബന്ധിച്ച് ഐസിഡിസിഎസ്, ജില്ലാകളക്ടര്‍, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടും പ്രതികരണമുണ്ടായിട്ടില്ല. നിലവില്‍ അംഗന്‍വാടി പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.
പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ ലീലയ്ക്ക് സ്ഥിരനിയമനം ലഭിക്കുന്നതുവരെ പ്രക്ഷോഭപരിപാടികളുടമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്മാന് വി.ആര്.ബാലന് അറിയിച്ചു. പത്രസമ്മേളനത്തില്‍ ഊരുമൂപ്പന് ബാലചന്ദ്രന്, ജോസഫ് വളവനാല്‍, കെ.എ.ചന്തു എന്നിവര്‍ പങ്കെടുത്തു.
കുടുംബാംഗത്തിന് ജോലി നല്‍കാമെന്നുപറഞ്ഞ് വര്ഷങ്ങള്ക്ക്മുന്പ് ജില്ലയിലെ പല ആദിവാസി കോളനിമൂപ്പന്മാരെയും സ്വാധീനിച്ച് അംഗന്‍വാടിക്കായി കെട്ടിടം നിര്‍മ്മിക്കുകയും പിന്നീട് ഇവരെ ജോലിയില്‍നിന്നും പുറത്താക്കുന്നതായുള്ള ആരോപണങ്ങള്‍ കൂടിവരുന്നുണ്ട്. സര്‍ക്കാര്‍ തന്നെ ആദിവാസി വിഭാഗത്തെ പറ്റിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണിതെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: