പട്ടാമ്പി: സദാചാരഗുണ്ടകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുമ്പോഴും മുളയന്‍കാവ് മൂത്തേവീട്ടില്‍പടി പ്രഭാകരന്റെ കുടുംബത്തിന് നീതി ലഭിച്ചില്ല. 2015 ഫെബ്രുവരി 15നാണ് മുളയന്‍കാവ് പ്രഭാകരന് കൊല്ലപ്പെട്ടത്. സംഭവത്തിന് തൊട്ടുനാള്‍ നടന്ന തൃശൂരിലെ ചന്ദ്രബോസ് കൊലപാതകത്തില്‍ പ്രതി നിസാമിനെതിരെ കോടതി ശിക്ഷ വിധിച്ചിട്ടും പ്രഭാകരന്റെ കേസ് എങ്ങുമെത്തിയില്ല.
പ്രഭാകരന്റെ വീട് ഫെബ്രു 23 ന് അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് സന്ദര്‍ശിച്ചിരുന്നു. പട്ടിക ജാതി വിഭാഗക്കാരായ നിര്‍ധന കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായവും നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ജോലിയും രണ്ട് ലക്ഷം രൂപയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അന്നത്തെ ജില്ലാ കലക്ടര്‍ പതിനായിരം രൂപ കൊടുത്തതല്ലാതെ സര്‍ക്കാര്‍ ജോലിയോ വാഗ്ദാനം ചെയ്ത തുകയോ ഇതുവരെ ലഭിച്ചില്ല.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അപേക്ഷ നല്‍കിയെങ്കിലും സഹായത്തിന് അര്‍ഹരല്ലെന്ന റിപ്പോര്‍ട്ടാണ് കലക്ടറില്‍ നിന്നും ലഭിച്ചത്. ഐഎന്‍ടിയുസി മുളയന്‍കാവ് യൂണിറ്റിലെ തൊഴിലാളിയായിരുന്നു കൊല്ലപ്പെട്ട പ്രഭാകരന്. ഇയാളുടെ മരണശേഷം ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം അനാഥാവസ്ഥയിലാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ അധികൃതര്‍ക്ക് പരാതി നല്‍കുന്നതിന് സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങിയതല്ലാതെ യാതൊരുവിധ നടപടിയുണ്ടായില്ലെന്നും പ്രഭാകരന്റെ ഭാര്യയും മക്കളും പറഞ്ഞു.
2015 ഫെബ്രുവരി 15ന് രാത്രിയാണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുലുക്കല്ലൂര്‍ എരവത്രയില്‍ കൂലിപ്പണിക്ക് പോയ പ്രഭാകരനെ രാത്രി വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രഭാകരന്റെ ഫോണില്‍ നിന്നും അജ്ഞാതനാണ് ഇയാള്‍ കൊല്ലപ്പെട്ടു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത്. ഇവിടെ ഒരു സ്ത്രീ താമസിക്കുന്ന വീടിനു സമീപംവച്ച് പ്രഭാകരനെ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്ത് മര്‍ദിക്കുകയായിരുന്നു. അടിയേറ്റു മരിച്ച പ്രഭാകരന്റെ മൃതദേഹം വലിച്ചിഴച്ച് അടുത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ഇരുപതോളം പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പ്രാഥമിക അനേ്വഷണത്തില്‍ കണ്ടെത്തി.
പ്രഭാകരന്റെ ഭാര്യ പ്രേമകുമാരിയുടെ മൊഴിയനുസരിച്ച് കേസില്‍ പ്രതി ചേര്‍ത്ത 11 പേരെയും ചെര്‍പ്പുളശ്ശേരി സിഐ വിജയകുമാര്‍ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തില്‍ വിട്ടു. പിന്നിട് കേസനേ്വഷണം എങ്ങുമെത്തിയില്ല. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചില്ലെന്നാണ് ഇത് സംബന്ധിച്ച് ചെര്‍പ്പുളശ്ശേരി പൊലീസ് പറയുന്നതെന്നും പ്രഭാകരന്റെ ഭാര്യ പ്രേമകുമാരി പരാതിപ്പെട്ടു. മൂത്ത മകള്‍ പ്രസീദയെ വിവാഹം ചെയ്തയച്ചതിന്റെ ബാധ്യതകള്‍ തീരും മുന്പെയാണ് ഭര്‍ത്താവ് ദാരുണമായി കൊല്ലപ്പെട്ടത്. ഐടിസി കോഴ്സ് പൂര്‍ത്തിയാക്കിയ മകന് പ്രവീണ്‍ ജോലിയില്ലാതെ വീട്ടിലിരിക്കയാണ്. ഇളയ മകള്‍ പ്രജിത എട്ടാം ക്ലാസില്‍ പഠിക്കുന്നു.
പ്രഭാകരന്റെ ഭാര്യാമാതാവിന്റെ സഹോദരിയും ഇവരുടെ വീട്ടിലാണ് കഴിയുന്നത്. നാട്ടുകാരുടെ സഹായത്താലാണ് ഇവരുടെ ജീവിതം. ഭര്‍ത്താവിന്റെ കൊലയാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പട്ടിക ജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായം ലഭിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: