സോഷ്യല്‍ മീഡിയയിലൂടെ മഹാന്മാരുണ്ടാകുന്ന കാലമാണിത്. ബാത്ത്റൂമിലിരുന്നു പറയുന്നതുപോലും വൈറലായി മഹത്വമാകുന്ന കാലവൈകൃതം. സഹനവും ത്യാഗവും ചാനലുകള്‍ക്കു മുമ്പില്‍ മാത്രമാകുന്ന കാലത്ത് ആരാണു മഹാത്മാഗാന്ധി എന്നുപോലും ചോദിച്ചേക്കാം. തര്‍ക്കിച്ചാല്‍ ഗാന്ധിയെ അറിയണമെന്നില്ലല്ലോയെന്നു മറുപടിയും പ്രതീക്ഷിക്കാം.
ചാനല്‍ നിര്‍മിതികളായ മഹത്തുക്കള്‍ മിന്നല്‍വേഗതയില്‍ പൊലിയുന്നിടത്താണ് പീഡാനുഭവങ്ങളുടെ വന്മലകള് ശരീരത്തിലും മനസിലും ചുമന്നുകൊണ്ടു നടക്കുന്ന ടി.എം.പ്രഭയെപ്പോലുള്ള തൊഴിലാളിനേതാക്കള്‍ നമുക്ക് ആദരവിന്റെ നക്ഷത്രങ്ങളാവുന്നത്.
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പള്ളുരുത്തി സുബൈര്‍ എഴുതിയ സഖാവ് ടി.എം. പ്രഭ ചരിത്രം സൃഷ്ടിച്ച വിപ്ലവകാരി എന്ന പുസ്തകം സ്വന്തം സ്വപ്നം കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിനു പതിച്ചു നല്കിയവരില് ഒരാളായ ടി.എം.പ്രഭയുടെ ത്യാഗജീവിതത്തിന്റെ നിലയ്ക്കാത്ത സിംഫണിയാണ്. നൂറ്റെട്ടുപേജു വരുന്ന ഈ ചെറുപുസ്തകം ആ വലിയ സമരോജ്വല ജീവിതത്തിന്റെ തീവ്രസന്ദര്ഭങ്ങളെ തുറന്നു വെയ്ക്കുന്നു. ഒപ്പം ആര്‍എസ്പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തുടക്കവും വളര്‍ച്ചയും എടുത്തുകാട്ടുന്നു.
ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഭാരത് മാതാകീ ജയ് വിളിച്ച് അധികാരികളുടെ നെഞ്ചിടിപ്പുയര്‍ത്തി അറസ്റ്റുവരിച്ച സ്കൂള്‍ കുട്ടിയില്‍ നിന്നും തുടങ്ങിയതാണ് പ്രഭയുടെ രാഷ്ട്രീയ ജീവിതം.അച്ഛന് മാപ്പെഴുതി തന്നാല്‍ വിടാമെന്നു പറഞ്ഞ പോലീസ് മേധാവിയെ ഞെട്ടിച്ച്് അച്ഛന് മാപ്പു പറയില്ലെന്നു വിളിച്ച് ഒച്ച നിറഞ്ഞ ജയിലില്‍ കിടന്ന അദ്ദേഹത്തിന്റെ ആദര്‍ശരാഷ്ട്രീയത്തിന്റെ കഥകള്‍ വായനക്കാരെ ത്രസിപ്പിക്കും. കശുവണ്ടി തൊഴിലാളി രംഗവും എസ്റ്റേറ്റ് തൊഴിലാളി മേഖലയുമാണ് പ്രഭ പ്രവര്‍ത്തിച്ച പ്രധാന തട്ടകങ്ങള്‍. കാസര്‍കോഡു മുതല്‍ പാറശാലവരെ നീണ്ടതായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന രംഗം.
ഇന്നത്തെ രാഷ്ട്രീയക്കൊള്ളക്കാര് അഴിമതിയിലും പെണ്ണിലും സമ്പാദ്യവും സുഖവും നേടുമ്പോള്‍ പ്രഭയെപ്പാലുള്ളവരുടെ സമ്പാദ്യം കൊടിയ മര്‍ദ്ദനവും ജയില്വാസവുമായിരുന്നു. നമ്മള് സാധാരണക്കാര്‍ ജീവിക്കാന്‍ മറന്നെന്നു പറയുന്നതു തന്നയാണ് ജീവിതമെന്ന് ഈ വിപ്ലവകാരി പറയും. അസാധാരണമായി പ്രവര്‍ത്തിച്ച് സാഹസികമായി ജീവിക്കുന്നവര്‍ക്കല്ലേ ഇങ്ങനെ പറയാന്‍ കഴിയൂ. ആകസ്മികമായി മാത്രം ഒരു നിമിഷം സാഹസികതയില്‍ പെടുന്നവര്‍ക്ക് ആയുസു മുഴുവന്‍ തൊഴിലാളികള്‍ക്കായി മാറ്റിവെച്ചൊരാളെക്കുറിച്ച് വാക്കുകള്‍ പോരാതെവരും പറയാന്‍. കടലിരമ്പംപോലെ തൊഴിലാളി സ്നേഹം നെഞ്ചേറ്റിയ പ്രഭയെപ്പോലുള്ളവരുടെ ആ മഹാകാലത്തിന്റെ സ്പന്ദനം രാഷ്ട്രീയ നെറിവുള്ളവര്‍ എന്നും കേള്‍ക്കും.
തെളിവുള്ള ലളിതമായ ഭാഷയാണ് സുബൈറിന്റേത്. വലിയൊരു പുസ്തകം എഴുതാനുള്ള പശ്ചാത്തല വിശദാംശങ്ങള്‍ ക്രോഡീകരിച്ചതിന്റെ സ്വഭാവം പുസ്തകത്തിനുണ്ട്. ബൃഹത് വിഷയത്തിന്റെ പരാഗം ഉള്ളിലുള്ളതുകൊണ്ടാവണം ഇടയ്ക്ക് കേന്ദ്രീകൃത ഭാവത്തില്‍ നിന്നും അറിയാതെ തെന്നിമാറി വീണ്ടും ഓര്‍ത്തപോലെ തിരിച്ചെത്തുന്നത്. വിഷയത്തിന്റെ ജനകീയതകൊണ്ട് പോരായ്മകളെ മറികടക്കുന്നുണ്ട് പുസ്തകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: