ചുങ്കത്തറ: ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ സിപിഎം ശ്രമം. ബിജെപി ചുങ്കത്തറ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി മണ്ഡലത്തില്‍ ബിജുവിന് നേരെയാണ് ആക്രമണം നടന്നത്.
പെട്രോള്‍ ഒഴിച്ച് കത്തിക്കാനുള്ള ശ്രമത്തിനിടെ ബിജുവിന്റെ അരക്ക് താഴേക്ക് ഗുരുതര പൊള്ളലേറ്റു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആറംഗ സംഘം മുട്ടിവിളിച്ചു. വാതില്‍ തുറന്ന ബിജുവിന്റെ കണ്ണിലേക്ക് മുളകുപൊടി എറിയുകയായിരുന്നു. അതിന് ശേഷം ബിജുവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു കത്തിച്ചു. അപ്പോഴേക്കും പരിസരവാസികള്‍ ബഹളം കേട്ട് എഴുന്നേറ്റു. പെട്രോള്‍ ഒഴിക്കുന്നതിനിടെ ബിജു കുതറിമാറാന്‍ ശ്രമിച്ചതിനാല്‍ കാലില്‍ മാത്രമാണ് പെട്രോള്‍ വീണത്. അതുകൊണ്ട് കൂടുതല്‍ ഭാഗങ്ങൡ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടത്.
ജീവന് തിരിച്ചുകിട്ടിയ ബിജു വേഗം തന്നെ സമീപത്ത് താമസിക്കുന്ന ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദിനെ വിളിച്ചു വരുത്തി. വഴിയില്‍ വെച്ച് വി.എസ്.പ്രസാദ് ബിജുവിന്റെ വീട്ടില്‍ നിന്നും ഓടി മറയുന്ന അക്രമികളെ കാണുകയും ചെയ്തു. അപ്പോഴേക്കും എടക്കര എസ്ഐയുടെ ചാര്‍ജ്ജുള്ള പൂക്കോട്ടുംപാടം എസ്ഐയും സംഘവും സ്ഥലത്തെത്തി. ബിജുവിനെ വധിക്കാന്‍ ശ്രമിച്ചവരെ താന്‍ കണ്ടുവെന്നും അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള ആവശ്യത്തെ തമാശ കേള്‍ക്കുന്ന ലാഘവത്തോടെയാണ് എസ്ഐ കേട്ടത്. ബിജുവിന്റെ വീട്ടില്‍ നിന്നും ഓടിമറഞ്ഞ ആളുടെ വീടടക്കം പറഞ്ഞുകൊടുത്തെങ്കിലും എസ്ഐ ഗൗനിച്ചില്ല. സിപിഎം പ്രവര്ത്തകരായതിനാലാണോ നടപടി എടുക്കാന്‍ മടിയെന്ന വി.എസ്.പ്രസാദ് ചോദിച്ചു. അപ്പോള്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസ് നീയല്ലേടാ കത്തിച്ചത് എന്ന് പറഞ്ഞ് എസ്ഐ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബിജുവിനെയും പ്രസാദിനെയും എടക്കര സ്റ്റേഷനിലെത്തിച്ചും മര്‍ദ്ദിച്ചു. അവസാനം സിഐ ഇടപെട്ടാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്.
പരാതി പറയാന്‍ പോയ മതസംഘടനയുടെ സംസ്ഥാന ഭാരവാഹിയെയാണ് സിപിഎം അക്രമികള്‍ക്ക് വേണ്ടി എസ്ഐ തല്ലിച്ചതച്ചത്. മര്‍ദ്ദനത്തില്‍ വി.എസ്.പ്രസാദിന്റെ ഇടത് കൈയിലെ എല്ലിന് പൊട്ടലുണ്ട്. പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ക്കാന്‍ സിപിഎമ്മുകാര്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് കുറെ നാളുകളായി. നിരവിധി തവണ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമമുണ്ടായി. ആ സമയങ്ങളിലെല്ലാം കൂടുതല്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ ഇടപെട്ടയാണ് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദ്.
പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എല്ലാ താലൂക്ക് കേന്ദ്രങ്ങളിലും ഹിന്ദുഐക്യവേദിയുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ചുങ്കത്തറ പള്ളിക്കുത്തില്‍ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ബിജെപിയുടെ ഫഌക്സ് ബോര്‍ഡുകളും കൊടിമരങ്ങളും നിരന്തരം നശിപ്പിക്കാന്‍ തുടങ്ങി. പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതികരിച്ചു തുടങ്ങിയപ്പോള്‍ അക്രമം ആരംഭിച്ചു. നിരവധി തവണ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമമുണ്ടായി. അന്ന് എടക്കര എസ്ഐ മനോജ് പറയട്ട സിപിഎമ്മിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നു. സിപിഎമ്മിന്റെ മാനസപുത്രനെപോലെയായായിരുന്നു എസ്ഐയുടെ നിലപാട്. മനോജ് പറയട്ട ലീവായ സാഹചര്യത്തില്‍ സ്റ്റേഷന്റെ ചാര്‍ജ്ജ് പൂക്കോട്ടുംപാടം എസ്ഐ സന്തോഷിനാണ്. അക്രമത്തില്‍ നിന്നും നാടിനെയും പ്രവര്‍ത്തകരെയും രക്ഷിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുഐക്യവേദി നേതാവിനെതിരെയാണ് എസ്ഐയുടെ ക്രൂരനടപടി. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: