കാഞ്ഞങ്ങാട്: കേരളത്തില്‍ സര്‍വ്വസ്വതന്ത്രരായി മാനവും അഭിമാനവുമില്ലാതെ സ്ത്രീകളെ തുറന്ന് വിട്ട് ശൂര്‍പ്പണഖമാരായി മാറ്റുകയാണ് സമൂഹത്തിലെ പുരോഗമന പ്രസ്ഥാനക്കാര്‍ ചെയ്യുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ വനിതാ വിഭാഗമായ മാതൃസമിതി നടത്തുന്ന സ്ത്രീ സ്വാഭിമാന്‍ യാത്രയുടെ ജില്ലാതല സമാപനം മാവുങ്കാലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന ചിന്ത സ്ത്രീയെ ഇന്ന് തെരുവില്‍ ഉപഭോഗ വസ്തുവാക്കി മാറ്റിയിരിക്കുകയാണ്. സ്ത്രീ ആരാധനയാണ് ഹിന്ദു ധര്‍മ്മത്തിന്റെ പ്രത്യേകത. ഞങ്ങള്‍ക്ക് ഈ നാടിനെ നയിക്കാനും ഭരിക്കാനും സാധിക്കുമെന്ന് തെളിയിച്ചുകൊണ്ടാണ് സ്ത്രീസ്വാഭിമാന്‍ യാത്ര നടത്തുന്നത്. സ്ത്രീയുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ടത് മറ്റ് ആരുടെയോ കടമയാണെന്ന തെറ്റിദ്ധാരണയാണ് പലര്‍ക്കും. നമ്മുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ നമുക്ക് സാധിക്കുമെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ കഴിയണം. ശബരിമലയില്‍ സ്ത്രീപ്രവേശം തീരുമാനിക്കേണ്ടത് അവിശ്വാസികളല്ലെന്നും വിശ്വാസികളായ നമ്മളാണെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
അതിരുകളില്ലാത്ത സ്വാതന്ത്ര്യ ബോധം സ്ത്രീകളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നതായി സ്വാഭിമാന്‍ യാത്രാനായികയും മാതൃസമിതി സംസ്ഥാന അധ്യക്ഷയുമായ പ്രഫ.വി.ടി.രമ പറഞ്ഞു. കുടുംബസങ്കല്പ്പം ഇന്ന് അന്യമായിരിക്കുന്നു. ജ്ഞാനപ്പഴത്തിന് വേണ്ടി അച്ചനെയും അമ്മയെയും വലംവെച്ച ഗണപതിയുടെ കഥ നാം മറന്നുപോയിരിക്കുന്നു. അ-എന്നാല്‍ അമ്മയെന്ന് പഠിപ്പിച്ചിരുന്നതിന് പകരം ഇന്ന് പാഠപുസ്തകങ്ങളില്‍ അരിവാളെന്നായി മാറിയിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് മൂല്യശോഷണമുണ്ടെങ്കില് അതിന്റെ കാരണക്കാര്‍ നമ്മളാണ്. സദാചാരം ഇല്ലാതാക്കലാണ് സ്വാതന്ത്ര്യമെന്ന് ഇന്ന് പെണ്‍കുട്ടികളെ ആരോ പഠിപ്പിച്ചിരിക്കുന്നു. നിയമം മൂലം സ്ത്രീപീഢനത്തെ തടയാനാകില്ല. ഇവിടെ സാംസ്കാരികമായ മനംമാറ്റവും സദാചാരങ്ങളെയും മൂല്യങ്ങളെയും തിരിച്ചുകൊണ്ടുവരാനുള്ള വിപ്ലവവുമാണ് നടക്കേണ്ടത്. സ്ത്രീയെ അമ്മയായി കാണാനുള്ള മനസ് പുരുഷനിലുണ്ടാക്കുക. ഇതുണ്ടായാല്‍ സ്ത്രീക്ക് സുരക്ഷയുണ്ടാകും. സ്ത്രീ ശക്തിയെ സമൂഹത്തിന്റെ ചാലക ശക്തിയായി മാറ്റാന്‍ സ്വാഭിമാന യാത്രകൊണ്ട് സാധിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാതൃസമിതി ജില്ലാ അധ്യക്ഷ അഹല്യ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ബിന്ദുമോഹന്‍, സ്വാമി അയ്യപ്പദാസ്, വി.കെ.വിശ്വനാഥന്, രാധാകൃഷ്ണന് നരിക്കോട്, രാജന് മുളിയാര്‍, ടി.പി.ഭാസ്കരന്, കുഞ്ഞിരാമന് സംസാരിച്ചു. പൊയിനാച്ചിയിലെ സ്വീകരണത്തിന് ശേഷം മാവുങ്കാലിലെത്തിയ യാത്രയെ മൂലക്കണ്ടം ഗുളികന് ദേവസ്ഥാനത്തുനിന്നും വാദ്യമേളങ്ങളോടെ ജില്ലയിലെ സമാപന വേദിയായ ശ്രീരാമക്ഷേത്ര പരിസരത്തേക്ക് സ്വീകരിച്ചാനയിച്ചു. വേദിയില്‍ യാത്രാനായിക പ്രഫ.വി.ടി.രമയെ ഓമന മുരളി, ടി.കൃഷ്ണന്, ശോഭാ ഗണേശ്, വിനോദ് തൈക്കടപ്പുറം എന്നിവര്‍ പൊന്നാടയണിയിച്ചു. സമിതി ജില്ലാ സെക്രട്ടറി ടി.രമേശന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: