പത്തനംതിട്ട : വേനലിന്റെ തുടക്കത്തില്‍തന്നെ പമ്പയും അച്ചന്‍കോവിലുമടക്കമുള്ള നദികളില്‍ ജലനിരപ്പ് താണത് ശുദ്ധജല വിതരണ പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. ജില്ലയിലെ വിവിധ നദികളിലെ ശുദ്ധജല വിതരണ പദ്ധതികളെ ആശ്രയിക്കുന്നത് ആയിരക്കണക്കിന് സാധാരണക്കാരായ കുടുംബങ്ങളാണ്. വേനലിന്റെ കാഠിന്യം ഏറിയതോടെ മിക്ക പദ്ധതികളിലും ആവശ്യാനുസരണം പമ്പുചെയ്യാനുള്ള വെള്ളം ലഭ്യമല്ല. മലയോര മേഖലകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും ശുദ്ധജല ദൗര്‍ലഭ്യം ജനങ്ങളെ ബാധിച്ചിട്ടുണ്ട്.
പമ്പാനദി ഏതാണ്ട് വറ്റിവരണ്ട നിലയില്‍ ആയിട്ടുണ്ട്. പമ്പയിലെ ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനം ഇതോടെ ആശങ്കയിലായി. മഴ മാറി ഒരാഴ്ച പിന്നിട്ടതോടെ നദിയില്‍ വെള്ളം കുറഞ്ഞുതുടങ്ങുകയായിരുന്നു. ശബരിമല തീര്‍ഥാടനകാലത്തിന്റെ അവസാനഘട്ടത്തില്‍ പമ്പാ സ്നാനത്തിനുപോലും വെള്ളം ലഭിക്കാത്ത സ്ഥിതിയായിരുന്നു. കൊച്ചുപമ്പ ഡാം തുറന്നുവിട്ടാണ് സ്നാനഘട്ടത്തില്‍ ജലവിതാനം ക്രമീകരിച്ചത്.
ജലവൈദ്യുത പദ്ധതികളില്‍ ഉത്പാദനശേഷം പുറത്തുവിടുന്ന വെള്ളമാണ് പലയിടത്തും നദിയിലെ ജലനിരപ്പ് പിടിച്ചുനിര്‍ത്തുന്നത്.
ശബരിഗിരി പദ്ധതിയിലെ ഉത്പാദനശേഷമുള്ള വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കക്കാട്, മണിയാര്‍, അള്ളുങ്കല്‍, കാരിക്കയം, പെരുനാട് പദ്ധതികളില്‍ ഉത്പാദനം നാമമാത്രമാണ്.
28 ജലവിതരണ പദ്ധതികളാണ് പമ്പയുമായി ബന്ധപ്പെട്ടുള്ളത്. ഇതില്‍ എട്ടു പദ്ധതികളില്‍ മാത്രമാണ് ജലനിരപ്പ് ക്രമീകരിച്ചു നിര്‍ത്താനാകുന്നത്. മറ്റു പദ്ധതികളുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. പ്രധാന നദികളിലൊന്നായ അച്ചന്‍കോവിലാറിന്റെ സ്ഥിതിയും ഇതിന് സമാനമാണ്. നിരവധി ജലവിതരണ പദ്ധതികളാണ് അച്ചന്കോവിലാറിനെ ആശ്രയിച്ചുള്ളത്. ഇപ്പോള്‍ പമ്പിംഗ് മുടങ്ങാതെ നടക്കുന്ന പദ്ധതികളിലും വരും ദിവസങ്ങളില്‍ തടസ്സപ്പെടാനാണ് സാധ്യത. വേനലിന്റെ തുടക്കത്തില്‍തന്നെ വരള്‍ച്ച ശക്തമായത് വരും ദിവസങ്ങളില്‍ ശുദ്ധജലക്ഷാമം രൂക്ഷമാക്കുമെന്ന് ഉറപ്പായി.
നദികളുടെ അടിത്തട്ട് ക്രമാതീതമായി താഴ്ന്നതിനാല്‍ ജലപദ്ധതികളുടെ കിണറുകളിലേക്ക് വെള്ളം എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. മണല്‍ച്ചാക്കുകള്‍ അടുക്കിയാണ് മുന്‍വര്‍ഷങ്ങളില്‍ പദ്ധതികളില്‍ പമ്പിംഗ് നടത്തിയിരുന്നത്. അച്ചന്‍കോവിലാറില്‍ നിര്‍മ്മിച്ചിട്ടുള്ള തടയണകള്‍ ഒരു പരിധിവരെ ജലവിധാനം പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. പമ്പിംഗ് മുടങ്ങുന്നതിന് പുറമേ ശുദ്ധജല പദ്ധതികളുടെ അറ്റകുറ്റപണികള്‍ യഥാസമയം നടത്താത്തതും പ്രതിസന്ധികള്‍ക്കിടയാക്കുന്നു. സംഭരിക്കുന്ന വെള്ളം വിതരണം ചെയ്യുന്നതിനിടെ പൈപ്പ് ലൈനുകളിലെ തകരാര്‍മൂലം നഷ്ടപ്പെടുന്നത് സ്ഥിരം സംഭവമാണ്. കാലപ്പഴക്കമേറിയ പൈപ്പുലൈനുകള്‍ മാറ്റിസ്ഥാപിക്കാനും വാട്ടര്‍ അതോരിറ്റി നടപടി സ്വീകരിക്കാറില്ല. അറ്റകുറ്റപണികള്‍ കരാറെടുക്കുന്നവര്‍ കാര്യക്ഷമമായി ഇത് ചെയ്യാത്തതും പലയിടത്തും ശുദ്ധജലക്ഷാമത്തിന് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: