പത്തനംതിട്ട: ആറന്മുളയുടെ പൈതൃകം സംരക്ഷിച്ച ജനകീയ സമരനായകനെ സ്വീകരിക്കാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട കുമ്മനം രാജശേഖരന് ആറന്മുളയില് നല്കിയ പൗരസ്വീകരണത്തില്‍ പങ്കെടുക്കാന്‍ ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ ഒരു ഗ്രാമമൊന്നടങ്കം എത്തിയിരുന്നു. മനസ്സുകൊണ്ട് ആറന്മുളക്കാരനായി നാടിന്റെ പൈതൃകവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ വിമാനത്താവള വിരുദ്ധ സമരത്തിന് ചുക്കാന്‍പിടിച്ച് വിജയം കണ്ടെത്തിയ കുമ്മനം രാജശേഖരനോടുള്ള നാടിന്റെ നന്ദിപ്രകാശനംകൂടിയായിമാറി സ്വീകരണ പരിപാടി. പാര്‍ത്ഥിസാരഥി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പുത്തരിയാലിന്റെ ചുവട്ടില്‍ നിന്ന് അദ്ദേഹത്തെ ആചാരപൂര്‍വ്വം സ്വീകരിച്ച് പുഷ്പവൃഷ്ടിയോടെ ഐക്കര ജംഗ്ഷനിലെ സമ്മേളനവേദിയിലേക്ക് ആനയിച്ചു. താലപ്പൊലിയും പഞ്ചവാദ്യവും അകമ്പടി സേവിച്ച സ്വീകരണ ഘോഷയാത്രയില്‍ ആറന്മുളയുടെ തനതു കലയായ വഞ്ചിപ്പാട്ടിന്റെ ഈരടികളും മുഴങ്ങി. പാതയോരത്ത് കാത്തുനിന്ന അമ്മമാരടക്കമുള്ളവരുടെ അഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി പുഷ്പാലംകൃതമായ തുറന്ന ജീപ്പില്‍ ബിജെപി അദ്ധ്യക്ഷന്‍ സമ്മേളനവേദിക്ക് അരികിലെത്തി. അവിടെ തടിച്ചുകൂടിയ ആറന്മുള നിവാസികളുടെ സ്നേഹാദരവുകള്‍ ഏറ്റുവാങ്ങിയ അദ്ദേഹം വേദിയിലെത്തി.
മര്‍ത്തോമ്മാസഭ പരമാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത യോഗം ഉദ്ഘാടനം ചെയ്തു. മതപരമായ സഹിഷ്ണുതയാണ് ആറന്മുളയുടെ പൈതൃകമെന്നും പരിസ്ഥിതിയെ തകര്‍ക്കാതെയുള്ള വികസനമാണ് ആറന്മുളയില് വേണ്ടതെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. നമ്മുടെ പാരമ്പര്യമായ പരിസ്ഥിതി ദര്‍ശനങ്ങളില്‍ നിന്നും നമ്മള് വ്യതിചലിച്ചു. ഇതിന്റെയൊക്കെ ഫലമാണ് പുണ്യനദിയായ പമ്പയുടെ ഇപ്പോഴത്തെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. അനാരോഗ്യം അവഗണിച്ച് അനുഗ്രഹവര്‍ഷം ചൊരിയാനായി മര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റവും എത്തിയിരുന്നു. ഇപ്പോളത്തെക്കാലത്ത് ഒരു സ്ഥാനത്ത് എത്തിക്കഴിഞ്ഞാല്‍ അവിടെയെത്തിച്ച സമൂഹത്തെ മറക്കുന്നവരാണ് അധികമെന്നും എന്നാല്‍ കുമ്മനം രാജശേഖരന് എന്നും ജനങ്ങളോടൊപ്പമാണെന്നും വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. നമ്മളെ നമ്മളാക്കിയ പമ്പാനദിയുടെ ഇപ്പോളത്തെ അവസ്ഥയില്‍ അദ്ദേഹവും ദുഖം രേഖപ്പെടുത്തി. വലിയ മെത്രാപ്പൊലീത്തയെ കുമ്മനം രാജശേഖരന് പൊന്നാട അണിയിച്ച് ആദരിച്ചു.
ഹിന്ദു മതമഹാമണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. ഹിന്ദുക്കളുടെ മാത്രമല്ല ഇതര ജനവിഭാഗങ്ങളുടേയും ആദരവ് നേടിയ സാധാരണക്കാരുടെ നേതാവാണ് കുമ്മനം രാജശേഖരനെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. ആറന്മുളയില് കുമ്മനത്തിന് അര്‍ഹിക്കുന്ന സ്വീകരണമാണ് നല്‍കിയത്. എല്ലാ മതവിഭാഗങ്ങളില്പെട്ടവരേയും ബഹുമാനിക്കുകയും അതോടൊപ്പം ഹിന്ദുസമൂഹത്തിന് വേണ്ടി കുമ്മനം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ സാന്നിദ്ധ്യം തന്നെ ഈ ചടങ്ങിന്റെ മാഹാത്മ്യം വ്യക്തമാക്കുന്നതായി ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് പറഞ്ഞു. തന്ത്രിമുഖ്യന്‍ കാളിദാസ ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ സംഘടനാ ഭാരവാഹികള്‍ പൊന്നാടയും പുഷ്പഹാരവും അണിയിച്ച് കുമ്മനം രാജശേഖരനെ ആദരിച്ചു.
വിവിധ സാമൂഹ്യ സാമുദായിക പരിസ്ഥിതി സംഘടനാ ഭാരവാഹികളായ ഡോ.കെ.ജി.ശശിധരന്‍പിള്ള, വി.എന്‍.ഉണ്ണി, ജോണ്‍ പെരുവന്താനം, അഡ്വ.കെ.ഹരിദാസ്, ഡി.സുരേന്ദ്രന്, പി.ബി.സുരേഷ്, ഡോ.മാത്യുകോശി പുന്നയ്ക്കാട്, ഡോ.ജോസ് പാറക്കടവില്‍, എന്‍.കെ.സുകുമാരന്‍നായര്‍, വി.സുരേഷ് കുമാര്‍, എം.ജി.രാമചന്ദ്രന്, കെ.ആര്.വിനയ ചന്ദ്രന്‍നായര്‍, ഫാ.ക്രിസ്റ്റി തേവള്ളില്‍, കെ.എന്‍.രഘുനാഥ്, വി.എന്‍.ഗോപിനാഥപിള്ള, കെ.കെ.ശശി, വിനോദ് മിത്രപുരം, ടി.ആര്.അജിത്കുമാര്‍, പി.ഇന്ദൂചൂഡന്, ആറന്മുള രാമചന്ദ്രനാചാര്യ, പി.ആര്.ഷാജി, പ്രദീപ്അയിരൂര് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ഡോ.തോമസ് പി.തോമസ് സ്വാഗതവും കെ.പി.സോമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: