കാസര്‍കോട്: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭാരതയുവത്വം ഉയര്ത്തെഴുന്നേല്ക്കാന് തുടങ്ങിയിരിക്കുന്നു. അതിന് വേഗം കൂട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡ്യൂരപ്പ എം.പി. പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വിവേകാനന്ദ എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ്രടസ്റ്റിന്റെയും വിവേകാനന്ദ ജയന്തി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍മ്മം, സംസ്കൃതി തുടങ്ങിയ പാരമ്പര്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയത് ഭാരതമാണ്. മോദി അധികാരത്തില്‍ വന്നതിനുശേഷം ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അത് നമ്മള് കണ്ട് കൊണ്ടിരിക്കുകയാണ്. വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്ര പുനര്‍നിര്‍മ്മാണമായിരിക്കണം ലക്ഷ്യം. രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിന് യുവാക്കളെ ജാഗരൂകരാക്കാന്‍ ട്രസ്റ്റിന് സാധിക്കണം. ആര്‍ആസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്ര സേവനത്തിന് പ്രവര്‍ത്തകരെ സംഭാവന ചെയ്യുവാന്‍ പ്രേരണയായിരുന്നു. ആദ്ധ്യാത്മിക കേന്ദ്രങ്ങളുടെ പുനരുദ്ധാരണത്തില്‍ ഹൈന്ദവ ജനത ജാഗ്രത പുലര്‍ത്തണമെന്നും യെഡ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാസര്‍കോട് നടപ്പാക്കുന്നതില്‍ എം.പിമാരും സംസ്ഥാന ഭരണകൂടവും പക്ഷപാതപരമായി പെരുമാറുകയാണെന്ന് എം.പി.ശോഭ കരന്തളാജെ പറഞ്ഞു. അതു കൊണ്ട് അത്തരം പദ്ധതികളെ കുറിച്ചുള്ള അറിവ് പകര്‍ന്ന് നല്കാന് ട്രസ്റ്റിന് കഴിയണമെന്ന് വെബ് സൈറ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അവര്‍ പറഞ്ഞു.
ഭാരതീയ സത്തയെ ഉണര്‍ത്തുവാന്‍ സ്വാമി വിവേകാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് കേരള പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബലറാം പറഞ്ഞു. ഭാരതത്തിന്റെ സേവന സങ്കല്പങ്ങളെ കുറിച്ചും, വിദ്യാഭ്യാസ രംഗത്തെക്കുറിച്ചും ദീര്‍ഘ വീക്ഷമത്തോടെ പ്രവര്‍ത്തിച്ച വ്യക്തിയാണ് സ്വാമി. സേവിക്കാന്‍ അവസരം ലഭിച്ചവര്‍ സേവിക്കപ്പെട്ടവരോടാണ് നന്ദി പറയേണ്ടതെന്ന നമ്മെ പഠിപ്പിച്ചത് സ്വാമി വിവേകാനന്ദനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ട്രസ്റ്റ് ചെയര്മാന് എന്‍.സതീഷ് അദ്ധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം ആര്‍എസ്എസ് ദക്ഷിണമധ്യ ക്ഷേത്രീയ സേവാ പ്രമുഖ് ഗോപാലചെട്ടിയാരും നിര്‍വ്വഹിച്ചു. സേവാ രത്ന പുരസ്കാരം കേസരി രവിക്കും, മൂന്ന് പേര്‍ക്ക് ധനസഹായ വിതരണവും ചെയ്തു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.മുരളീധരന്, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കുണ്ടാര്‍ രവീശ തന്ത്രി, ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി, ഉഡുപ്പി ജില്ലാ പ്രസിഡണ്ട് തിങ്കളെ മല്ലികാര്ജ്ജു ഹെഗ്ഡെ, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.മുരളീധരന് തുടങ്ങിയവര്‍ സംബന്ധിച്ചു. ചടങ്ങില്‍ പ്രശസ്ത യക്ഷഗാന ബൊമ്മയാട്ട കലാകാരന് കെ.വി.രമേഷ്, ഡോ.ശ്രീപാദറാവു എന്നിവരെ ആദരിച്ചു. വിവേകാനന്ദ എജുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റി അഡ്വ. കരുണാകരന് നമ്പ്യാര്‍ സ്വാഗതവും, സെക്രട്ടറി കെ.എന്‍ വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: