കെ.കെ.പത്മനാഭന്
കാസര്‍കോട്: പ്രമേയങ്ങളുടെ ആവര്‍ത്തന വിരസത കാരണം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ മിമിക്ര വേദി കലാ പ്രേമികളെ നിരാശരാക്കി. വിധികര്‍ത്താക്കള്‍ അത് പറയുകയും ചെയ്തു. പ്രഭാതം പൊട്ടി വിടരുന്നതും, നായയും, പശുവും, പൂച്ചയും, മമ്മൂട്ടിയും, സുരേഷ് ഗോപിയും, ഉമ്മന്‍ചാണ്ടിയും, വിഎസും തുടങ്ങിയ പതിവ് അനുകരണങ്ങളുമായി കലാകാരന്മാര് വേദിയിലെത്തിയപ്പോള്‍ കലാസ്വാദകരെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. പക്ഷെ പാവപ്പെട്ടവന്റെയും സമ്പന്നന്റെയും കൂര്‍ക്കം വലിയും, കോളേജില്‍ പഠിക്കുന്ന ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കൂര്‍ക്കം വലിയുമായി എച്ച് എസ് വിഭാഗത്തില്‍ ഉദയനഗര്‍ ഇ.എ.എച്ച്.എസ്.എസിലെ കെ.ബി.ഫൗസ്ടീന ഒന്നാം സ്ഥാനം നേടി. നിറഞ്ഞ കരഘോഷത്തോടെയാണ് പ്രകടനം കാണികള്‍ ആസ്വദിച്ചത്. മിമിക്രി വേദികള്‍ പെണ്‍കുട്ടികള്‍ കൈയ്യടക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. കണികള്‍ കുറവായിരുന്നുവെങ്കിലും ഉള്ളവര്‍ പ്രതിശബ്ദങ്ങളും കൈയ്യടികളുമായി കലാകാരന്മാരെ പ്രോത്സാഹിപ്പിച്ചു. മിമിക്രി മേഖല പരമ്പരാഗത അനുകരണ ശൈലിയില്‍ നിന്ന് ഒട്ടും മുന്നോട്ട് പോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കുട്ടികളുടെ പ്രകടനം. പലരും അനുകരിച്ചവരെ തന്നെ അനുകരിക്കുന്നതിലപ്പുറം പുതുമകള്‍ കൊണ്ടു വരുവാന്‍ കുട്ടികളുടെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടാകുന്നില്ല. മിമിക്രിയില്‍ നവഭാവുകത്വങ്ങള്‍ സൃഷ്ടിക്കുവാന്‍ കലാകാരന്മാര് മടിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. പഴമയില്‍ നിന്ന് വ്യതിചലിക്കാതെയുള്ള മിമിക്രിയുടെ ഈ വട്ടം തിരിയല്‍ എത്രകാലം തുടരുമെന്ന് കാണികള്‍ ചോദിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. അല്പം ആശ്വാസം നല്‍കിയത് രാഷ്ട്രീയക്കാരെ അനുകരിച്ചപ്പോള്‍ സമകാലീന വിഷയങ്ങളായ സോളാറും, സരിതയും, ബാര്‍ കോഴയും, ഭീകരാക്രമണങ്ങളും, ചെന്നൈ പ്രളയവും കടന്നു വന്നുവെന്നത് മാത്രമാണ്. ഇന്ത്യയെ ഞെട്ടിച്ച ചെന്നൈ പ്രളയവും പത്താന്‍കോട്ട് ഭീകരാക്രമണവും വിഷയമാക്കി മിമിക്രിയില്‍ എച്ച്.എസ് വിഭാഗത്തില്‍ ഗോകുല്‍ നാഥ് തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചപ്പോള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചു. ജിഎച്ച്എസ്എസ് ബന്തടുക്കയിലെ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ഗോകുല്‍. എന്‍ഡോ സള്ഫാന് ദുരിതം വിതച്ച എന്മകജെ പഞ്ചായത്തില്‍ മരുന്നടിക്കുന്ന ഹെലികോപ്ടറിന്റെ ശബ്ദവും കുട്ടികളുടെ അനുകരണത്തില്‍ കടന്ന് വന്നു. എച്ച്എസ്എസ് വിഭാഗം മിമിക്രി മത്സരത്തില്‍ ജിഎച്ച്എസ്എസ് പള്ളിക്കരയിലെ സി.സതീഷ് ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷം ജില്ലാ തലത്തില്‍ രണ്ടാസ്ഥാനം ലഭിച്ചിരുന്നു. മോണോ ആക്ടില്‍ രണ്ടാം സ്ഥാനവുമുണ്ട്. പക്ഷെ സതീഷിനെ നിരാശപ്പെടുത്തുന്ന ഒന്നുണ്ട് സമ്മാനം നേടിയെങ്കിലും സംസ്ഥാന സ്കൂള്‍ യുവജനോത്സവ മത്സരത്തില്‍ പങ്കെടുക്കാനാവില്ല. കാരണം അതേ ദിവസം തന്നെ ദേശീയ തലത്തില്‍ നടക്കുന്ന കാലാമേളയില്‍ കേരളോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ സതീഷ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് മത്സരത്തിന് പോകുന്നുണ്ട്. പ്രഭാതം പൊട്ടിവിടരുന്നതും, തീവണ്ടിയും മറ്റും അനുകരിച്ചുള്ള കുട്ടികളുടെ പ്രകടനത്തിലൂടെ ആസ്വാകദ മനസ്സുകളെ കീഴടക്കാന്‍ കഴിയാതെയുള്ള ഈ മിമിക്രിയുടെ ജൈത്രയാത്ര സ്കൂള്‍ കലോത്സവ വേദികളില്‍ മാത്രമായി ഒതുങ്ങി പോകും. പലര്‍ക്കും നല്ല ശബ്ദങ്ങള്‍ ഉണ്ടെങ്കിലും അത് സൂക്ഷ്മതയോടെ അവതരിപ്പിക്കുവാന്‍ മത്സരാര്‍ത്ഥികള്‍ ശ്രമിക്കുന്നില്ലെന്ന് വിധി കര്‍ത്താക്കള്‍ പറഞ്ഞു. അത് കൊണ്ട് തന്നെയാണ് ആവര്‍ത്തന വിരസമായ വിഷയങ്ങളിലേക്ക് അവര്‍ പോകുന്നതിന്റെയും കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: