ശബരിമല: ശബരിമല സന്നിധാനത്തില്‍ പതിനെട്ടാംപടിക്ക് താഴെ എരിയുന്ന അഗ്നികുണ്ഡമാണ് മഹാ ആഴി. ആകാശത്തോളം പടരുന്ന അഗ്നിസ്ഫുലിംഗങ്ങള്‍ സന്നിധാനത്തിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ചൈതന്യമേകുന്ന കാഴ്ചയാണ്. ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ അപൂര്‍വതകളിലൊന്ന്.
വ്രതശുദ്ധിയുടെ നിറവില്‍ കാനനപാതയുടെ കാഠിന്യമളന്ന പാദങ്ങളുമായി സന്നിധാനത്തണയുന്ന ഭക്തര്‍ അയ്യപ്പ ദര്‍ശനം പൂര്‍ത്തിയാക്കി നിര്‍വൃതിയോടെ മടങ്ങുമ്പോള്‍ ആഴിയിലേക്ക് നാളികേരമെറിയുന്നു.
ശരണമന്ത്രങ്ങളോടെ ഇരുമുടിക്കെട്ടില്‍ നെയ്ത്തേങ്ങയുമായി മലയിലെത്തുന്ന സ്വാമിമാര്‍ നെയ്യ് ശ്രീകോവിലിലെ അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകത്തിനായി സമര്‍പ്പിക്കുന്നു. തേങ്ങയുടെ കഷ്ണങ്ങള്‍ മഹാ ആഴിയിലെറിയുകയും ചെയ്യുന്നു. ഇരുമുടിയിലെ നെയ്ത്തേങ്ങ ജീവാത്മാവാണെന്നാണ് സങ്കല്പം. നെയ്യ് അഭിഷേകം ചെയ്യുമ്പോള്‍ ജീവാത്മാവ് അയ്യപ്പനില്‍ വിലയം പ്രാപിക്കുന്നു. നെയ്യ് നീക്കിയ തേങ്ങ ജഡ ശരീരമായി കരുതി അത് ആഴിയില്‍ എരിക്കുകയാണ്.
ദര്‍ശനകാലത്ത് രാപകല്‍ ഭേദമെന്യേ ഇടമുറിയാതെ വീഴുന്ന നാളികേരം എരിയുന്ന അഗ്നിശോഭയില്‍ ഈ മഹാ അഗ്നികുണ്ഡം ആഞ്ഞുകത്തുകയാണ്. കൊടുംകാടിന്റെ ഉച്ചിയില്‍ വിശ്വാസത്തിന്റെ ചൂടും വെളിച്ചവും പകര്‍ന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: