ശബരിമല: ശബരിമല തീര്‍ത്ഥാടന കാലയളവില്‍ ശബരിമലയിലും സന്നിധാനത്തിലുമായി ഡ്യൂട്ടി മജിസ്ട്രേറ്റ് പി.ഗോപകുമാറിന്റെ നേതൃത്വത്തില്‍ വ്യാപക റെയ്ഡ് നടന്നു. അമിതവില ഈടാക്കല്‍, പഴകിയ ഭക്ഷണസാധനങ്ങള്‍ നല്കല്, ഭക്ഷണശാലകള്‍ വൃത്തിഹീനമായ നിലയില്‍ പ്രവര്‍ത്തിപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 37 സ്ഥാപനഉടമകളില്‍ നിന്നായി ആകെ 2,71,000 രൂപ പിഴ ഈടാക്കി. പാത്രങ്ങളില്‍ വിലവിവരം രേഖപ്പെടുത്താതെ വില്‍പ്പന നടത്തിയിരുന്ന സ്ഥാപനം അടപ്പിക്കുകയും, ഹോട്ടലുകളില്‍ കണ്ടെത്തിയ ഉപയോഗശൂന്യമായ പച്ചക്കറികള്‍, തൈര്, അച്ചാറുകള്‍ ഉള്‍പ്പെടെയുള്ള പഴകിയ ആഹാര സാധനങ്ങള്‍ എന്നിവ പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തു. കൂടാതെ ഏകദേശം 25,000 രൂപ വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങളും പിടികൂടി നശിപ്പിച്ചിട്ടുണ്ട്.
സന്നിധാനത്തിലും മരക്കൂട്ടം, പാണ്ടിത്താവളം, ശരംകുത്തി, ശരണസേതുപാലം, കൊപ്രാക്കളം, ഭസ്മക്കുളം, ഉരല്‍ക്കുഴി, പുല്‍മേട്ടിലേക്കുള്ള കാനനപാത തുടങ്ങിയ സ്ഥലങ്ങളില്‍ പമ്പ എക്സൈസ് കമ്മീഷണര്‍ എം.എസ്. വിജയന്റെ നിര്‍ദേശാനുസരണം റെയ്ഡുകള്‍ നടത്തി. 158 കേസുകളിലായി 66 പായ്ക്കറ്റ് ഹാന്‍സ്, 17 പായ്ക്കറ്റ് പാന്‍മസാല, 12 പായ്ക്കറ്റ് ക്രേന്‍ മൗത്ത് ഫ്രഷ് പാന്‍മസാല, 15 പായ്ക്കറ്റ് സിഗരറ്റ്, 216 പായ്ക്കറ്റ് ബീഡി, 43 പായ്ക്കറ്റ് ചുരുട്ട് എന്നിവ പിടിച്ചെടുത്തു. ഡിസംബര്‍ 28 മുതല്‍ ജനുവരി 4 വരെ നടത്തിയ റെയ്ഡില്‍ 31,600 രൂപ പിഴയീടാക്കി. തൊണ്ടിമുതല്‍ സന്നിധാനം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയശേഷം നശിപ്പിച്ചു.
റെയ്ഡില്‍ സന്നിധാനം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ .കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഇന്‍സ്പെക്ടര്‍മാരായ ആര്. കിജന്‍, വി.വി. പ്രഭാകരന്, ജി. കൃഷ്ണകുമാര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ. രാജു, ടി. രഞ്ജിത്ത് ബാബു, എം. ശ്രീധരന്, എം. സുകുമാരന്‍, കെ.പി. ബാലകൃഷ്ണന്, പി.വി. ഗോപാലകൃഷ്ണന് കൂടാതെ സിവില്‍ എക്സൈസ് ഓഫീസര്‍മാരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: