പുതുക്കാട്: പുതുക്കാടിന്റെ നെല്ലറയായ ഉഴിഞ്ഞാല്‍പ്പാടം വീണ്ടും കതിരണിയുന്നു. ഉഴിഞ്ഞാല്‍ പാടത്ത് പുതിയ സ്ലൂയിഡ് വാല്‍വിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെയാണ് പാടം വീണ്ടും കതിരണിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.പാടത്തേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാനാവാതെ ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കുവാന്‍ കഴിയാതെ വര്‍ഷങ്ങളായി പാടം തരിശായിരിക്കുകയായിരുന്നു.
അമ്പത് വര്‍ഷത്തിലേറെ പഴക്കമുള്ള പെട്ടിയും പറയും ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് കര്‍ഷകര്‍ കൃഷിയിറക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി പെട്ടിയും പറയും പ്രവര്‍ത്തനം നിലക്കുകയും തൂണുകള്‍ ദ്രവിച്ച് നിലംപൊത്താറായ അവസ്ഥയിലുമായിരുന്നു. പെട്ടിയും പറയും പ്രവര്‍ത്തനം നിലച്ചതോടെ മൂന്നുപൂവ് കൃഷിയിറക്കിയിരുന്ന ഉഴിഞ്ഞാല്‍ പാടത്ത് ഭൂരിഭാഗം കര്‍ഷകരും കൃഷിയിറക്കാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു.
കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള മുറവിളിക്കൊടുവിലാണ് പ്രവര്‍ത്തനരഹിതമായ പെട്ടിയും പറക്കും പകരം നൂതന സംവിധാനത്തിലുള്ള ചീപ്പ്ചിറ നിര്‍മ്മിക്കുന്നത്. മാഞ്ഞാംകുഴി റെഗുലേറ്റര്‍ കം ബ്രിഡ്ജില്‍ ഷട്ടര്‍ താഴ്ത്തിയാല്‍ ഉഴിഞ്ഞാല്‍ തോടിലൂടെ പാടത്തേക്ക് അമിതമായി വെള്ളം കയറും. ചീപ്പ് ചിറയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പാടത്തേക്ക് എത്തുന്ന വെള്ളത്തെ നിയന്ത്രിച്ചു നിര്‍ത്തുവാന്‍ കഴിയും.
ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നിര്‍ത്തട പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചിലവിലാണ് ചീപ്പ് ചിറ നിര്‍മ്മിക്കുന്നത്. പുതുക്കാട് മുപ്ലിയം റോഡില്‍ ഉഴിഞ്ഞാല്‍ പാലത്തിനു സമീപം നിര്‍മ്മിക്കുന്ന ചീപ്പ് ചിറയുടെ ഷട്ടറുകള്‍ പലക ചട്ടക്കൂടിലാക്കിയാണ് നിര്‍മ്മിക്കുന്നത്. പഴയ പെട്ടിയും പറയും സംവിധാനത്തിനായി ഉപയോഗിച്ചിരുന്ന മോട്ടോര്‍ പമ്പ് സെറ്റ് പുതിയ പദ്ധതിക്കും ഉപയോഗിക്കും. ചീപ്പ് ചിറയുടെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പുതുക്കാടിന്റെ നെല്ലറയായ ഉഴിഞ്ഞാല്‍ പാടം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: