നിലമ്പൂര്‍: ജില്ലയിലെ പ്രധാന പുതുവത്സര പരിപാടിയായ പത്താമത്തെ പാട്ടുത്സവ്-ടൂറിസം ഫെസ്റ്റിവലിന് നാളെ തിരിതെളിയും. സംസ്ഥാന ടൂറിസം വകുപ്പ്, നിലമ്പൂര്‍ നഗരസഭ, വ്യാപാരി-വ്യവസായികള്‍, ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് എല്ലാ വര്‍ഷവും നിലമ്പൂരില്‍ വര്‍ണാഭമായ ടൂറിസം ഫെസ്റ്റിവല്‍ ഒരുക്കുന്നത്.
ഐതിഹ്യപ്പെരുമയുള്ള നിലമ്പൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാട്ടുത്സവത്തിന്റെ ഭാഗമായി കാടിറങ്ങിയെത്തുന്ന ആദിവാസി ഗോത്രസമൂഹത്തിനും നാട്ടുകാര്‍ക്കും വിനോദത്തിനും സാംസ്ക്കാരിക കലാപരിപാടികള്‍ ആസ്വദിക്കാനുമായി 2007 ല്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിന് തുടക്കമിട്ടത്. ജനപങ്കാളിത്തവും മികച്ച കലാപരിപാടികളുമായി കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച സംസ്ഥാനത്തെ പ്രധാന പുതുവത്സര പരിപാടിയാണ് നിലമ്പൂര്‍ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍.
നിലമ്പൂര്‍ ബാലന് നാടകോത്സവത്തോടെ ജനുവരി ഒന്നിനാണ് ഫെസ്റ്റിവല്‍ ആരംഭിക്കുക. സംഗീത നാടക അക്കാദമിയുടെ മികച്ച നാടകത്തിനുള്ള പുരസ്ക്കാരം നേടിയ കെ.പി.എ.സി. യുടെ ‘ന്റുപ്പാപ്പാക്കൊരരാനേണ്ാര്ന്നു’ അടക്കം അഞ്ചു പ്രമുഖ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. വൈകുന്നേരം ഏഴിന് ടി.ബി. പരിസരത്താണ് നാടകോത്സവം നടക്കുക. നാടകോത്സവത്തിന്റെ ഉദ്ഘാടനം രണ്ടിന് വൈകുന്നേരം ഏഴിന് സിനിമാ താരം കവിയൂര്‍ പൊന്നമ്മ നിര്‍വഹിക്കും. അഞ്ചു വരെയാണ് നാടകോത്സവം. നാടകോത്സവത്തിന്റെ സമാപന സമ്മേളനം അഞ്ചിന് വി.ടി ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സിനിമാതാരം മാമുക്കോയ മുഖ്യാതിഥിയായിരിക്കും. മികച്ച മൂന്നു നാടകങ്ങള്‍ക്ക് പുരസ്ക്കാരം നല്‍കും.
എല്ലാദിവസവും പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക നായകര്‍ പങ്കെടുക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിനു ശേഷമായിരിക്കും നാടകങ്ങള്‍ അവതരിപ്പിക്കുക. ഒന്‍പതു മുതല്‍ 13 വരെ പാട്ടുത്സവ് നഗരിയില്‍ മെഗാ സ്റ്റേജ് പ്രോഗ്രാമുകള്‍ അരങ്ങേറും. ഓട്ടോ ടാക്സി ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ കാര്‍ണിവലും ഒരുക്കും. ഒന്നിന് തിരുവനന്തപുരം സംസ്കൃതിയുടെ മേരാനാം ജോക്കര്‍, രണ്ടിന് കോഴിക്കോട് പൂക്കാട് കലാലയത്തിന്റെ എന്ദരോ മഹാനുഭാവുലു, മൂന്നിന് കോഴിക്കോട് രംഗമിത്രയുടെ ഉച്ചവെയില്കുത്ത്, നാലിന് ചങ്ങനാശേരി അണിയറയുടെ ആകാശത്തില്‍ തനിയെ, അഞ്ചിന് കെ.പി.എ.സിയുടെ ന്റുപ്പുപ്പാക്കൊരാനണ്ടാര്ന്നു എന്നിവ അവതരിപ്പിക്കും. ആറിന് ഉമ്പായിയുടെ ഗസല്‍ സന്ധ്യ. വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ വലിയകളംപാട്ടിന്റെ ഭാഗമായി ഏഴ്, എട്ട് തിയ്യതികളില്‍ കലാപരിപാടികള്‍ ഉണ്‍ായിരിക്കില്ല.
ജനുവരി ഒമ്പതിന് ഹാസ്യവും സംഗീതവും നൃത്തവും ചേര്‍ത്ത് അണിയിച്ചൊരുക്കിയ പിഷാരടി ഷോയോടെ മെഗാ സ്റ്റേജ് പ്രോഗ്രാമിന് പാട്ടുത്സവനഗരിയില് തുടക്കമാവും. 10 ന് സിതാരയും സച്ചിന് വാരിയരും അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്, 11ന് രമ്യ നമ്പീശന്റെ ഫ്യൂഷന്‍ ഡാന്‍സ് മ്യൂസിക്കല്‍ നൈറ്റ്, 12ന് പ്രമുഖ ചലച്ചിത്ര പിന്നണി ഗായകന് ഉണ്ണിമേനോന്റെ മെലഡി നൈറ്റ്, 13ന് ദക്ഷിണേന്ത്യയിലെ പ്രമുഖ മ്യൂസിക്ക് ബാന്റായ മസാല കോഫി ബാന്റിന്റെ റാപ്പ് സംഗീതവും അരങ്ങേറും.
ചലച്ചിത്ര താരങ്ങളും സാംസ്ക്കാരിക നയാകന്മാരും മന്ത്രിമരടക്കമുള്ള പ്രമുഖര്‍ ഉദ്ഘാടന ചടങ്ങുകളിലും സാംസ്ക്കാരിക സമ്മേളനങ്ങളിലും സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മ്നി ഗോപിനാഥ്, പാട്ടുത്സവ് ജനറല്‍ കണ്‍വീനര്‍ ആര്യാടന് ഷൗക്കത്ത്, നഗരസഭാ വൈസ് ചെയര്മാന് പി.വി. ഹംസ, സ്ഥിരം സമിതി ചെയര്മാന്മാരായ പാലോളി മെഹബൂബ്, ശ്രീജ ചന്ദ്രന്, വ്യാപാരി പ്രതിനിധികളായ വിനോദ് പി.മേനോന്, യു. നരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: