അങ്ങാടിപ്പുറം: റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണം പുരോഗമിക്കുന്ന അങ്ങാടിപ്പുറത്ത് അതിരൂക്ഷമായ പൊടിശല്യം അനുഭവപ്പെടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. പോളിടെക്നിക് കോളജിന്റെ ഗേറ്റ് മുതല്‍ റെയില്‍വേ ഗേറ്റ് വരെയുള്ള ഭാഗങ്ങളിലാണ് പൊടിശല്യം കൂടുതലായി അനുഭവപ്പെടുന്നത്. മേല്‍പ്പാല നിര്‍മ്മാണത്തോടൊപ്പം തന്നെ അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം കൂടി നടക്കുന്നതിനാലാണ് പൊടിശല്യം രൂക്ഷമാകുന്നത്. റെയില്‍വേ ഗേറ്റിന് സമീപം സ്ഥിതി ചെയ്യുന്ന അങ്ങാടിപ്പുറം തരകന് സ്കൂളിലേക്കുള്ള യാത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഇതോടെ കൂടുതല്‍ ദുസഹമായി. ജനുവരി 31നകം നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന വാഗ്ദ്ധാനം. ജനുവരി 10ന് മുമ്പായി അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും പറയുന്നു. എന്നാല്‍ അതിനുവേണ്ടി അധികൃതര്‍ പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണം തുടക്കത്തിലേ താളം തെറ്റിയിരിക്കുകയാണ്. ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍ ഒഴികെയുള്ളവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും, പലപ്പോഴും പോലീസിന്റെ കണ്മുന്നിലൂടെ നിയന്ത്രണം ലംഘിച്ച് എല്ലാത്തരം വാഹനങ്ങളും കടന്നു പോകുന്നു. നാലര മീറ്റര്‍ മാത്രമാണ് ഇപ്പോഴത്തെ റോഡിന്റെ വീതി എന്നിരിക്കെ കുരുക്ക് മുറുകാന്‍ ഈ ഗതാഗത ലംഘനം കാരണമാകുന്നു. വാഹനങ്ങള്‍ നിര്‍ത്തി നിര്‍ത്തി പോകുന്നതിനാല്‍ പൊടിശല്യവും രൂക്ഷമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: