നാവായിക്കുളം: നാവായിക്കുളം പഞ്ചായത്തിലെ 28-ാം മൈല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ അഴിഞ്ഞാടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. അക്രമികള്‍ നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്തു. ആലുംകുന്നില്‍ ഇക്കഴിഞ്ഞ രാത്രി 10.30 ഓടെയാണ് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകള്‍ അഴിഞ്ഞാടിയത്. ചരുവിളവീട്ടില്‍ സുന്ദരേശന്, ഭാര്യ ലിസി, സുമേഷ്, പ്രസിവിജയ്, സുമാറാണി ആറുമാസംപ്രായമായ കുഞ്ഞ്, മൂന്നുവയസ്സുള്ള കുഞ്ഞ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആലുംകുന്ന് കേന്ദ്രീകരിച്ച് കുറെ നാളുകളായി കോണ്‍ഗ്രസ് ഗുണ്ടകള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തി പരസ്യമായി മദ്യപാനവും കഞ്ചാവ് വില്‍പ്പനയും നടത്തുകയാണെന്ന് പരാതിയുണ്ട്. ഇത് കോളനിനിവാസികള്‍ ചോദ്യംചെയ്തിരുന്നു. കഴിഞ്ഞ ദിവസം സുന്ദരേശന്റെ ചെറുമകളുടെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബന്ധുക്കളെ റോഡില്‍ തടഞ്ഞുനിര്‍ത്തി ജാതിപ്പേര് പറഞ്ഞ് പരിഹസിക്കുകയും വാഹനത്തിന്റെ താക്കോല്‍ ബലമായി എടുക്കുകയും ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് സുന്ദരേശന്റെ വീട്ടില്‍ എത്തിയ കോണ്‍ഗ്രസ് ഗുണ്ടകള്‍ വീട്ടില്‍ ഉണ്ടായിരുന്ന കുട്ടികളെയും സ്ത്രീകളെയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കും ടാറ്റ ഇന്‍ഡിക്ക കാറും അടിച്ച് നശിപ്പിക്കുകയും ചെയ്തു. വീടിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും കതകുകള്‍ അക്രമികള്‍ ചവിട്ടിയും വാള് ഉപയോഗിച്ചും പാര ഉപയോഗിച്ചും നശിപ്പിച്ചു.
പിറന്നാള്‍ ആഘോഷത്തിന് കരുതിയിരുന്ന ആഹാരസാധനങ്ങള്‍ മുഴുവന്‍ പുറത്ത് വലിച്ചെറിഞ്ഞ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കല്ലമ്പലം പോലീസ് സ്ഥലത്തെത്തിയശേഷമാണ് അക്രമികള്‍ പിന്‍വാങ്ങിയത്. കൈക്ക് ഒടിവേറ്റ ലിസി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരിക്കേറ്റ കുഞ്ഞുങ്ങള്‍ സ്വകാര്യആശുപത്രിയിലും ചികിത്സ തേടി. കല്ലമ്പലം എസ്ഐയ്ക്കും വര്‍ക്കല സിഐക്കും പട്ടികജാതി വകുപ്പിനും പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: