പത്തനംതിട്ട: ഡിഎഫ്ഒ പ്രദീപ് കുമാറിന്റെ അകാല ചരമത്തോടെ കോന്നിയ്ക്ക് നഷ്ടമായത് വനംവകുപ്പിന് ജനകീയ മുഖം നല്കിയ വനപാലകനെ. ഇക്കോ ടൂറിസമടക്കം നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുകയും രൂപെ നല്കിയവയെല്ലാം പ്രവര്ത്തിപദത്തിലെത്തിക്കാന് അക്ഷീണം പ്രയത്നിക്കുകയുംചെയ്ത ഓഫീസറായിരുന്നു പ്രദീപ് കുമാറെന്ന് വനപാലകര്‍ ഓര്‍മ്മിപ്പിക്കുന്നു. ഔദ്യോഗിക ജീവിതത്തോടൊപ്പം നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. നാളെ നടക്കുന്ന കോന്നിയിലെ ശ്രീ സത്യസായി സേവാമന്ദിര സമര്‍പ്പണ ചടങ്ങില്‍ സേവാപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്നത് പ്രദീപ് കുമാറിനെ ആയിരുന്നു. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന കയര്ഫെയറില് തിങ്കഴാഴ്ച രാത്രിയിലും പ്രദീപ് കുമാര്‍ പങ്കെടുത്തിരുന്നു. വിനോദ സഞ്ചാരമേഖലയിലൂടെ വനംവകുപ്പിന് വരുമാനം വര്‍ദ്ധിപ്പിക്കാനുതകുന്ന നിരവധി പദ്ധതികള്‍ രൂപകല്‍പ്പന ചെയ്ത അദ്ദേഹം കോന്നിയിലെ ഇക്കോടുറിസത്തെ ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ എത്തിക്കാനും ശ്രമിച്ചു. അദ്ദേഹത്തിന്റെ സ്വപ്നപദ്ധതിയായ അടവി ഇക്കോടൂറിസത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഏറുമാടങ്ങളുടെ ഉദ്ഘാടനം പുതുവര്‍ഷത്തില്‍ നിശ്ചയിച്ചതായിരുന്നു. ആ സ്വപ്നം സഫലമാക്കാതെയാണ് പ്രദീപ് കുമാര്‍ യാത്രയായത്. ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ ഏകദേശം പൂര്‍ത്തിയാകുകയും ജനുവരി രണ്ടാംവാരത്തില്‍ ഉദ്ഘാടനം നടത്താന്‍ നിശ്ചയിക്കുകയും ചെയ്തതാണ്. കല്ലാറ്റിന്റെ തീരത്ത് മരമുകളില്‍ വില്ലകളെ വെല്ലുന്ന ആധുനിക സംവിധാനത്തോടുകൂടി ആറ് കുടിലുകളാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതിന്റെയും കുമ്മണ്ണൂര്‍ മാതൃക ഫോറസ്റ്റ് സ്റ്റേഷന്, ആനക്കൂടിന് സമീപം വനംവകുപ്പിന്റെ മൂല്യാധിഷ്ഠിത വനവിഭവങ്ങളുടെ വിപണന കേന്ദ്രത്തിന്റെറയും ഉദ്ഘാടനം എന്നിവയാണ് ജനുവരി രണ്ടാംവാരത്തില്‍ നടത്താനിരുന്നത്.
2012 നവംബര്‍ 28 നാണ് ഇദ്ദേഹം കോന്നി ഡി.എഫ്.ഒ ആയി ചാര്െജടുക്കുന്നത്. അന്നു മുതല്‍ തന്നെ കോന്നി ഇക്കോ ടൂറിസം വികസിപ്പിച്ചെടുക്കാനായിട്ടുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാരില്‍ സമര്‍പ്പിച്ച് അനുമതി വാങ്ങിയെടുത്തിരുന്നു. അടവി ടൂറിസം പദ്ധതി സര്‍ക്കാരില്‍ സമര്‍പ്പിച്ച് അനുമതിവാങ്ങിയെടുത്തത് പ്രദീപ് കുമാറിന്റെ ഔദ്യോഗിക ജീവിതത്തിലെ എടുത്തുപറയത്തക്ക നേട്ടമാണ്.
അടവി പദ്ധതിക്ക് അനുമതി ലഭിച്ചതോടെ ആദ്യഘട്ടമെന്നനിലയില്‍ കേരളത്തിലെ ആദ്യത്തെ കുട്ടവഞ്ചി സവാരിക്ക് തുടക്കം കുറിച്ചു.
ഇദ്ദേഹത്തിന്റെ വരവോടെയാണ് കോന്നി ഇക്കോ ടൂറിസം സെന്ററില്‍ ആനസവാരി, വനശ്രീ വിപണനകേന്ദ്രം എന്നിവയിലൂടെ വരുമാന നേട്ടമുണ്ടാക്കാനും സാധിച്ചു. കൂടാതെ വനവിഭവങ്ങള്‍ ശേഖരിച്ച് കോന്നിയില്‍ എത്തിക്കുന്ന ആദിവാസികള്‍ക്ക് വിറ്റുവരവിന്റെ ലാഭവിഹിതം അവര്‍ക്ക് തന്നെ ഓണ സമ്മാനമായി നല്‍കുകയും ചെയ്തു. ഇങ്ങനെ വിവിധങ്ങളായ ജനപ്രിയ പദ്ധതികളിലൂടെ വനംവകുപ്പിന് ജനഹൃദയങ്ങളില്‍ ഇടെനേടിക്കൊടുത്ത ഉദ്യോഗസ്ഥനാണ് കാലയവനികയ്ക്കുള്ളില്‍ അകാലത്തില്‍ മറഞ്ഞത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കോന്നി ഡിഎഫ് ഓഫീസിലെത്തിച്ച മൃതദേഹത്തില്‍ മന്ത്രി അടൂര്‍ പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന് പീറ്റര്‍ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രദീപ്കുമാറിന്റെ നിര്യാണത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി എന്നിവര്‍ അനുശോചിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: