നെടുമങ്ങാട്: മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത നിര്‍ധന ആദിവാസിയുവാവിന് ആംബുലന്‍സ് നല്‍കാതെ നെടുമങ്ങാട് ജില്ലാ ആശുപത്രി അധികൃതര്‍ മണിക്കൂറുകളോളം വൈകിപ്പിച്ചു. കോട്ടൂര്‍ ആദിവാസി മേഖലയിലെ അണകാല്‍ സെറ്റില്‍മെന്റില്‍ നിന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ അരുണ്‍ കാണി(27)ക്ക് മെഡിക്കല്‍ കോളേജില്‍ പോകാന്‍ ആംബുലന്‍സ് നല്‍കില്ലെന്ന ഡ്യൂട്ടിഡോക്ടറുടെ നിലപാടാണ് വാക്കുതര്‍ക്കത്തിന് കാരണമായത്. ബുധനാഴ്ച രാത്രി 12 നാണ് സംഭവം.
വാഹനമെത്താത്ത അഗസ്ത്യമലയോട് ചേര്‍ന്ന ആദിവാസി സെറ്റില്‍മെന്റില്‍ ഒരാഴ്ചയായി കടുത്തപനി ബാധിച്ച് കിടപ്പിലായിരുന്നു അരുണ്‍ കാണി. ബുധനാഴ്ച രാത്രിയോടെ ജീപ്പില്‍ ആര്യനാട് ആശുപത്രിയിലെത്തിച്ചെങ്കിലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. നെടുമങ്ങാട് ആശുപത്രിയില്‍ രാത്രി 9 മണിയോടെ എത്തിച്ച രോഗിയെ അഡ്മിറ്റ് ചെയ്ത് രക്തപരിശോധന നടത്തി. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനാല്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാകണമെന്ന് ഡോക്ടര്‍ പറഞ്ഞു. രാത്രി 12 മണിയായതിനാല്‍ വാഹനമൊന്നും ലഭിക്കില്ലെന്നും വാഹനത്തിന് നല്കാന് പണമില്ലെന്നും ഇവര്‍ ഡോക്ടറെ അറിയിച്ചു. എന്നാല്‍ ആശുപത്രിയിലുള്ള ആംബുലന്‍സ് അനുവദിക്കാതെ മടങ്ങിപ്പോയ ജീപ്പ് തിരികെയെത്തിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോകാനാണത്രേ ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം കുറ്റിച്ചലില്‍ നിന്ന് ജീപ്പ് തിരികെ എത്തിച്ചു. വാഹനം തിരികെ എത്താന്‍ താമസിക്കുന്നതിനിടെ അരുണ്കാണിക്ക് അസുഖം കൂടുകയും ചെയ്തു. തിരികെ എത്തിയ ജീപ്പിന്റെ ഡ്രൈവര്‍ ജ്യോതിഷും കൂടെവന്നവരും ആംബുലന്‍സ് അനുവദിക്കാത്തതിനെക്കുറിച്ച് ഡോക്ടറുമായി വാക്കുതര്‍ക്കവുമുണ്ടായി. സംഭവം പന്തിയല്ലെന്ന് ബോധ്യപ്പെട്ട ഡോക്ടര്‍ തുടര്‍ന്ന് ആംബുലന്‍സ് നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ കുറ്റിച്ചലില്‍ നിന്ന് മടക്കി വിളിച്ച ജീപ്പില്‍ പോയാല്‍ മതിയെന്ന നിലപാടിലായിരുന്നു കണ്ടുനിന്നവരെല്ലാം. തുടര്‍ന്ന് ജീപ്പില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച അരുണ്‍കാണി ഒന്നാം വാര്‍ഡില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: