നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ ആശുപത്രിയില്‍ 108 ആംബുലന്‍സിന് വിശ്രമം നല്കി സ്വകാര്യ ആംബുലന്‍സുകളെ സഹായിക്കുന്നു. പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയിലാണ് 108 ആംബുലന്‍സിന് വിശ്രമം നല്‍കിയിരിക്കുന്നത്. പാറശ്ശാല ദേശീയ പാതയിലും പൂവാര്‍ തീരദേശ മേഖലകളിലുമായി നിരവധി റോഡപകടങ്ങളാണ് ദിനവും സംഭവിക്കുന്നത്. അപകടത്തില്‍പ്പെടുന്ന ഭൂരിഭാഗം രോഗികളെയും പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിക്കുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്ന രോഗികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിടുന്നു. രോഗികളെ കൊണ്ടുപോകുന്നതിന് സ്വകാര്യ ആംബുലന്‍സുകളെ ആശുപത്രി ജീവനക്കാര്‍ തന്നെ തരപ്പെടുത്തിക്കൊടുക്കും. 108 ആംബുലന്‍സിനെക്കുറിച്ച് ജീവനക്കാരോട് ചോദിച്ചാല്‍ ആംബുലന്‍സ് തകരാറിലാണെന്ന മറുപടിയാണ് ലഭിക്കുക.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുന്ന രോഗികളുടെ ബന്ധുക്കളില്‍ നിന്ന് അമിതനിരക്കാണ് സ്വകാര്യആംബുലന്സുകാര് ഈടാക്കുന്നത്. സ്വകാര്യ ആംബുലന്സുകാരോട് ആശുപത്രിജീവനക്കാരുടെ മമതയുടെ ഫലമായി ഒരു സ്വകാര്യ ആംബുലന്‍സ് സര്‍വ്വീസ് മാത്രമാണുള്ളത്. സ്വകാര്യആംബുലന്‍സ് സര്‍വീസിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിനെതിരെ പരാതി നല്‍കുമെന്ന് ബിജെപി മണ്ഡലംസെക്രട്ടറി നെടിയാംകോട് രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: