നെടുമങ്ങാട്: വിനോദ സഞ്ചാരികളുടെ പറുദീസയായ പൊന്മുടിയില് സീസണായതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചു. ടൂറിസ്റ്റുകളെ തണുപ്പിക്കാനും നയനമനോഹര കാഴ്ച നല്‍കാനും പൊന്മുടി മഞ്ഞ് പുതപ്പും അണിഞ്ഞുതുടങ്ങി. ഉച്ചവെയില്‍ മാറികഴിഞ്ഞാല്‍ ഉടനെ അപ്രതീക്ഷിതമായി എത്തുന്ന മഞ്ഞില്‍ പരസ്പരം കാണാന്‍ കഴിയാത്തവിധമാകുന്ന അനുഭവം അമൃതാനുഭവമാണ്.
മഴക്കാടുകളും ചോലവനങ്ങളും തേയിലതോട്ടങ്ങളും നിറഞ്ഞ മലനിരകളില്‍ മഞ്ഞിനിടയിലൂടെ ഊര്‍ന്നിറങ്ങുന്ന സൂര്യപ്രകാശവും സുഖകരമായ തണുപ്പും അനുഭപ്പെടുമ്പോള്‍ പൊന്മുടിവിട്ട് പോകാന്‍ ടൂറിസ്റ്റുകളുടെ മനസ് അനുവദിക്കില്ല. 3002 അടി ഉയരമുള്ള അപ്പര്‍ സാനിട്ടോറിയമാണ് പൊന്മുടിയിലെ ഏറ്റവും ആകര്‍ഷണീയമായ സ്ഥലം. കോടമഞ്ഞിന് താഴ്വരകളും ഇരുള് മൂടിയ അഗാധമായ കൊക്കകളും ഇളംപച്ചപ്പണിഞ്ഞ മലമടക്കുകയും ചെങ്കുത്തായ മലനിരകളും നല്കുന്ന ദൃശ്യവിരുന്ന് ഗസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്ന ലോവര്‍ സാനിട്ടോറിയത്തില്‍ നിന്ന് അപ്പര്‍ സാനിട്ടോറിയം വരെയുള്ള റോഡിലൂടെ സഞ്ചരിച്ചാല്‍ അനുഭവയോഗ്യമാകും.
നിമിഷനേരംകൊണ്ട് മഞ്ഞ് വന്നണയുകയും ഉടനെ മഞ്ഞ് മറയുകയും ചെയ്യുന്ന അന്തരീക്ഷ പ്രതിഭാസമാണ് പൊന്മുടിയിലേക്ക് എന്നും സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മലനിരകളിലൂടെയുള്ള പാതകളില്‍ കൂടി സഞ്ചരിച്ചാല്‍ ഒരു മലയില്‍ നിന്ന് മറ്റൊരു മലയിലേക്ക് ചെന്നെത്താന്‍ കഴിയും. 22 ഹെയര്‍പിന്‍ വളവുകള്‍ കയറിയാല്‍ പൊന്മുടിയുടെ നെറുകയിലെത്തും. അപ്പര്‍ സാനിട്ടോറിയത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് വരയാട് മൊട്ട. ട്രക്കിംഗിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിവിടം. വരയാടുകള്‍ കൂട്ടമായി നടക്കുന്നതും കുട്ടിവരയാടുകള് സഞ്ചാരികളെ കാണുമ്പോള്‍ അതിശയത്തോടെയും ഭയത്തോടും നോക്കുന്ന കാഴ്ചകളും വളരെ കൗതുകം പകരുന്നു.
അപ്പര്‍ സാനിട്ടോറിയത്തില്‍ നിന്ന് വടക്കുഭാഗത്തെ താഴ് വരയിലിറങ്ങിയാല് സീതാതീര്ഥത്തിലെത്താം. സീതയെ അപഹരണംചെയ്ത രാവണന് ലങ്കയിലേക്കുള്ള യാത്രമധ്യേ പൊന്മുടി കുന്നിലിറങ്ങി വിശ്രമിച്ചെന്നും സീത ഈ കുളത്തില്‍ നിന്ന് ജലമെടുത്ത്കുടിച്ച് ദാഹമകറ്റിയെന്നുമാണ് വിശ്വാസം. സീതാതീര്ഥമെന്ന പേരിനു കാരണമായതും ഇതിനാലാണെന്ന് നാട്ടുകാര്‍ പറയുന്നു. കാനനഭംഗിയും മൂടല്‍മഞ്ഞിന്റെ സുഖമുള്ളതണുപ്പും ഏറ്റ് നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. ടൂറിസം വകുപ്പിന്റെ ഗസ്റ്റ്ഹൗസില്‍ തങ്ങാന്‍ ഒരുദിവസം വന്‍തുക നല്‍കേണ്ട സ്ഥിതിയാണ്. മുറി ലഭിക്കണമെങ്കില്‍ ദിവസങ്ങള്ക്കുമുമ്പേതന്നെ പൊതുഭരണവകുപ്പില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം. ഇതൊന്നുമറിയാതെ കിലോമീറ്ററോളം നടന്ന് വിശ്രമിക്കാനെത്തുന്നവര്‍ മുടല്‍മഞ്ഞ് പുതപ്പാക്കി ചുരുണ്ടുകൂടി കിടക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: