കാസര്‍കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അശാസ്ത്രീയമായി നിര്‍മ്മിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ച് കാസര്‍കോട് ആധുനിക മത്സ്യ മാര്‍ക്കറ്റ് പൂര്‍ണ്ണ പരാജയമാണെന്ന് അഖില കേരള അരയസംഘം ജില്ലാ പ്രസിഡണ്ട് വിനോദ് കുമ്പള പറഞ്ഞു. ആവശ്യത്തിന് മാലിന്യ നിര്‍മാര്‍ജ്ജന സൗകര്യങ്ങളോ, വായു സഞ്ചാരമോ കെട്ടിടത്തിന് ഇല്ല. മാലിന്യങ്ങള്‍ കെട്ടി കിടക്കുന്നത് കാരണം അവിടെ കച്ചവടം നടത്തുന്ന മത്സ്യ തൊഴിലാളികള്‍ മാരക രോഗങ്ങലുടെ ഭീഷണിയിലാണ്. മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് നഗരസഭ. മാര്‍ക്കറ്റിനകത്ത് അനാവശ്യമായ പല പണപ്പിരിവുകളും നടത്തുന്നതായി മത്സ്യ തൊഴിലാളികള്‍ പറഞ്ഞു. ലേലം വിളിച്ചെടുക്കുന്ന മത്സ്യത്തിന്റെ ഒരു പെട്ടിക്ക് അധികമായി 50 രൂപ വീതം മത്സ്യ തൊഴിലാളികളില്‍ നിന്ന് ഇടനിലക്കാര്‍ വാങ്ങുന്നുണ്ട്. ഇങ്ങനെ പല തരത്തില്‍ മത്സ്യ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണ് ഇടനിലക്കാര്‍. ഇന്നലെ മാര്‍ക്കറ്റിലെത്തിയ അരയസംഘം ഭാരവാഹികള്‍ക്ക് മാര്‍ക്കറ്റിന്റെ ശോചനീയവസ്ഥ മത്സ്യ തൊഴിലാളികള്‍ കാണിച്ച് കൊടുത്തു. അഖില കേരള അരയസംഘം ജില്ലാ സെക്രട്ടറി രവി കാഞ്ഞങ്ങാട്, ജനറല്‍ കണ്‍വീനര്‍, എസ്.സുരേഷ്കുമാര്‍, ജോയിന്റ് സെക്രട്ടറി കെ.വിനയകുമാര്‍ കൊട്ടിക്കുളം, കാസര്‍കോട് കടപ്പുറം യൂണിറ്റ് സെക്രട്ടറി ഡി.മധു തുടങ്ങിയവര്‍ പ്രസിഡണ്ടിന്റെ കൂടെ മത്സ്യ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: