തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെങ്ങാനൂര്‍ മേക്കുംകര ശ്രീനീലകേശി മുടിപ്പുരക്ഷേത്ത്രിന്റെ ഭരണം പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് നേതാവിന്റെ ശ്രമം വിവാദമാകുന്നു. കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റുകൂടിയായ നിലവിലെ ക്ഷേത്ര ഭാരവാഹി വിശ്വാസികളെ കബളിപ്പിച്ച് വ്യാജ ട്രസ്റ്റ് രൂപീകരിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്.
കോണ്‍ഗ്രസ് നേതാവിനെതിരെ നാട്ടുകാര്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്കി.കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള ക്ഷേത്രത്തിന്റെ ഭരണം പിടിച്ചെടുക്കാന്‍ രഹസ്യമായി നേതാവ് വ്യാജട്രസ്റ്റ് രൂപീകരിക്കുകയായിരുന്നു. ചാല സബ്രജിസ്ട്രാര്‍ ഓഫീസിലാണ് വ്യാജ ട്രസ്റ്റ് രജിസ്ട്രേഷന് നടത്തിയത്. നാട്ടുകാര്‍ അറിയാതിരിക്കാന്‍ ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശത്തെ സബ്രജിസ്ട്രാറാഫീസിനെ ഒഴിവാക്കി.
ഉത്സവശേഷം വാര്‍ഷിക പൊതുയോഗം വിളിക്കാതായതോടെയാണ് വ്യാജട്രസ്റ്റിന്റെ വിവരം വിശ്വാസികള്‍ അറിയുന്നത്. തുടര്‍ന്ന് പലതവണ വിശ്വാസികള്‍ ക്ഷേത്രപൊതുയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ക്ഷേത്രഭാരവാഹികള്‍ തയ്യാറായില്ല. ഇതോടെ വിശ്വാസികള്‍ ക്ഷേത്രഭരണസമിതി പ്രസിഡന്റിനെതിരെ രംഗത്തെത്തി. വ്യാജ ട്രസ്റ്റിനെതിരെ ഭക്തര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇദ്ദേഹത്തിനെതിരെ കേസെടുക്കരുതെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസിലെ ചിലര്‍ ഇടപെട്ടതായാണ് വിവരം. കൂടാതെ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാന്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നും ആക്ഷേപമുണ്ട്. തുടര്‍ന്നാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രഡിഡന്റ് വി.എം.സുധീരന് പരാതി നല്‍കിയത്. ക്ഷേത്രഭരണം പിടിച്ചെടുക്കാനുള്ള നേതാവിന്റെ നീക്കത്തിനെതുടര്‍ന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന പഞ്ചായത്തില്‍ ഒരു സീറ്റിലും കോണ്‍ഗ്രസിന് വിജയിക്കാനായില്ല. ബ്ലോക്ക് പഞ്ചായത്തിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു.
വെങ്ങാനൂര്‍ പ്രദേശത്തെ നാലു കുടുംബങ്ങളുടെ വകയായിരുന്ന മേക്കുംകര ശ്രീ നീലകേശി മുടിപ്പുര ക്ഷേത്രം 1947-ലാണ് വിവിധ കരകള്‍ക്കായി സമര്‍പ്പിച്ചത്. നിയമപ്രകാരം നാലുകുടുംബങ്ങള്‍ക്ക് പ്രത്യേക അവകാശവും അനുവദിച്ചുനല്‍കി. തുടര്‍ന്ന് കരകളുടെയും കുടുംബങ്ങളുടെയും 29 അംഗങ്ങളെ ഉള്‍പ്പെടുത്തി ക്ഷേത്രഭരണസമിതയും നിലവില്‍വന്നു. ഭക്തരുടെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നാണ് ഉത്സവമടക്കമുള്ള ചടങ്ങുകള്‍ തീരുമാനിക്കുക. വരവുചിലവു കണക്കുകളും പൊതുയോഗത്തില്‍ അവതരിപ്പിക്കണം.
ഈ നിബന്ധനകള്‍ മുഴുവന്‍ അട്ടിമറിച്ചാണ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും മറ്റു അഞ്ചുപേരുമടങ്ങുന്ന സംഘം സ്വകാര്യട്രസ്റ്റായി ക്ഷേത്രഭരണത്തെ മാറ്റിയത്. ഈ വ്യാജ ട്രസ്റ്റിനാണ് ഇനി ക്ഷേത്രത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണാധികാരം. കൂടാതെ ക്ഷേത്രത്തിന്റെ കോടികളുടെ ആസ്തി വകകളെക്കുറിച്ചും പുതിയ ട്രസ്റ്റ് രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആദ്യകാല ഉടമ്പടിയില്‍ ക്ഷേത്രത്തിന്റെ തിരുമുടി, വസ്തുവകകള്‍, നീക്കിയിരിപ്പ് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. അമൂല്യ നവരത്ന കല്ലുകള്‍ പതിച്ച തിരുമുടിയും കല്യാണമണ്ഡപവും ആഡിറ്റോറിയവും അടങ്ങുന്ന ക്ഷേത്രത്തിന്റെ ആസ്തിവില വ്യാജട്രസ്റ്റില്‍ കണക്കാക്കിയിരിക്കുന്നത് വെറും അയ്യായിരം രൂപമാത്രമാണ്. കൂടാതെ ക്ഷേത്രത്തിലെ തിരുമുടിയില്‍ പതിച്ചിരുന്ന അമൂല്യ നവരത്ന കല്ലുകളും വലിയ രത്നക്കല്ലുകളും ഇളക്കിമാറ്റിയെന്നുകാട്ടി ഒരുവിഭാഗം ഭക്തര്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പരാതിയും നല്കി. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
2000 മുതല്‍ 2015 വരെയുളള കാലയളവില്‍ ക്ഷേത്രവരുമാനം സംബന്ധിച്ച അക്കൗണ്ടുകള്‍ നിയമപരമായി ഓഡിറ്റ് ചെയ്തില്ലെന്നും ക്ഷേത്രത്തിന്റെ തിരുമുടിയില്‍ പതിച്ചിരുന്ന രത്നക്കല്ലുകള്‍ ഇളക്കിമാറ്റി വിലകുറഞ്ഞ വ്യാജ കല്ലുകള്‍ പതിച്ചുവെന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നിലവിലെ ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ കരമന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വ്യാജട്രസ്റ്റിനെതിരെ കീഴെവീട്, പേരയില്‍ കുടുംബാംഗങ്ങളും ദേവസ്വംമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പരാതി നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ ഒരുകോടിയിലധികം ചിലവഴിച്ച് നടത്തിയ കഴിഞ്ഞ പറണേറ്റ് ഉത്സവത്തിന്റെ വരവുചിലവു കണക്കുകളും ഇതുവരെ അവതരിപ്പിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: