കാസര്‍കോട്: കാസര്‍കോട് മത്സ്യ മാര്‍ക്കറ്റിന് സമീപം കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാന്‍ നടപടിയായില്ല. ഇതേ തുടര്‍ന്ന് പരിസരത്താകെ രൂക്ഷമായ ദുര്‍ഗന്ധം വമിക്കുകയാണ്. ഏതാനും ദിവസങ്ങളായി മത്സ്യ മാര്‍ക്കറ്റിന് സമീപം മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണെന്ന് മത്സ്യതൊഴിലാളികള്‍ പറഞ്ഞു. മത്സ്യാവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നത് കാരണമാണ് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നത്. അതേ സമയം അറവ് മാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളും കാക്കകള്‍ കൊത്തിക്കൊണ്ട് പോയി സമീപത്തെ കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും ഇടുന്നതും പതിവാണ്. ഇതോടെ സമീപ വാസികളും ദുരിതത്തിലായിരിക്കുകയാണ്. കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച മത്സ്യമാര്‍ക്കറ്റില്‍ മലിനജലം ഒഴുക്കിവിടാനുള്ള സൗകര്യമൊരുക്കിയിട്ടില്ല. ഇത് കാരണം മലിന ജലം മാര്‍ക്കറ്റിനകത്ത് തളം കെട്ടിക്കിടക്കുകയാണ്. ഇതേ തുടര്‍ന്ന് പല മത്സ്യതൊഴിലാളികളും മാര്‍ക്കറ്റ് കെട്ടിടത്തിന് പുറത്താണ് ഇപ്പോഴും മത്സ്യവില്‍പ്പന നടത്തുന്നത്. മാര്‍ക്കറ്റില്‍ മലിനജലം കെട്ടിക്കിടക്കുന്നതും മാര്‍ക്കറ്റിന് സമീപം മാലിന്യം കുന്നു കൂടി കിടക്കുന്നതും കാരണം ഇവിടെയെത്തുന്നവര്‍ രോഗ ഭീതിയിലാണ്.
അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും മാലിന്യങ്ങല്‍ നീക്കം ചെയ്യാന്‍ തയ്യാറാകുന്നില്ലെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. ഇത് തുടരുകയാണെങ്കില്‍ വന്‍ പകര്‍ച്ച വ്യാധികളെ ക്ഷണിച്ച വരുത്തുകയാണ് അധികൃതര്‍. ലീഗ് ഭരിക്കുന്ന നഗരസഭയില്‍ നിരവധി തവണ പരാതികളുമായി കയറിയിറങ്ങിറങ്ങിയിട്ടും യാതൊരു പ്രയോജനവുമില്ലെന്ന് മത്സ്യ തൊഴിലാളികള്‍ പറയുന്നു. വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധ സമരങ്ങളുമായി രംഗത്ത് വരാനൊരുങ്ങുകയാണ് മത്സ്യ തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: