തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. കാഴ്ചയുടെ ഉത്സവത്തിലെ അവാര്‍ഡുകളും ഇന്ന് പ്രഖ്യാപിക്കും. വിവാദങ്ങളോ പരാതികളോ ഇല്ലാതെ സിനിമയിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച മേള ചിത്രങ്ങളുടെ വൈവിദ്ധ്യംകൊണ്ടും വേറിട്ടു നിന്നു. സംഘാടനത്തില്‍ കേരള ചലച്ചിത്ര അക്കാദമി എടുത്ത തീരുമാനങ്ങള്‍ മേളയുടെ സുഗമമായ നടത്തിപ്പില്‍ നിര്‍ണായകമായി. പ്രധാനവേദി ടാഗോര്‍ തിയേറ്ററിലേക്ക് മാറ്റിയതോടെ മേളയുടെ മുഖച്ഛായ മറ്റൊരു തലത്തിലേക്കെത്തി.
മേളയ്ക്ക് കൂട്ടായി നനുത്ത മഴകൂടിയായതോടെ സിനിമാ ആസ്വാദനത്തിലും വെവ്വേറെ അനുഭവങ്ങള്‍ ഉണര്‍ത്തി. വേദികളില്‍നിന്നു വേദികളിലേക്ക് സഞ്ചരിക്കുമ്പോള്‍ മഴയും ആസ്വദിച്ചാണ് പ്രതിനിധികള്‍ സിനിമയുടെ വസന്തത്തെ ഉള്‍ക്കൊണ്ടത്. 178 സിനിമകളാണ് ഇക്കുറി ചലച്ചിത്രാസ്വാദകരുടെ മുന്നിലെത്തിയത്.
ഇന്ന് വൈകിട്ട് 6ന് നിശാഗന്ധി ആഡിറ്റോറിയത്തിലാണ് ചലച്ചിത്രമേളയുടെ സമാപനസമ്മേളനം നടക്കുന്നത്. അവാര്‍ഡുകളും അപ്പോള്‍ പ്രഖ്യാപിക്കും. ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ഇക്കൊല്ലത്തെ ഐഎഫ്എഫ്കെ അവാര്‍ഡ് ഇറാനിയന്‍ സംവിധായകന് ദാരിയുഷ് മെഹര്‍ജുയിക്ക് ചടങ്ങില്‍ സമ്മാനിക്കും. മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള സുവര്‍ണചകോരം, മികച്ച സംവിധായകനും നവാഗത സംവിധായകനും പ്രേക്ഷകരുടെ സിനിമയ്ക്കും നല്കുന്ന രജതചകോരങ്ങള്‍, ഫെഫ്കയുടെ നേരത്തെ പ്രഖ്യാപിച്ച പത്തുലക്ഷം രൂപയുടെ മാസ്റ്റേഴ്സ് അവാര്‍ഡ്, ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍, മികച്ച തിയേറ്ററിനുള്ള രണ്ട് അവാര്‍ഡുകള്‍, മികച്ച റിപ്പോര്‍ട്ടിംഗിനുള്ള മാധ്യമ അവാര്‍ഡുകള്‍ എന്നിവയാണ് ചടങ്ങില്‍ സമ്മാനിക്കുന്ന മറ്റ് അവാര്‍ഡുകള്‍.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവമാണ് മുഖ്യാതിഥി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, മന്ത്രി വി. എസ്. ശിവകുമാര്‍, കെ. മുരളീധരന് എംഎല്‍എ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് തുടങ്ങിയവര്‍ സംബന്ധിക്കും. അക്കാദമി ചെയര്മാന് ടി. രാജീവ് നാഥ് അവാര്‍ഡ് പ്രഖ്യാപനം നടത്തും. ദാരുഷ് മെഹര്‍ജുയി മറുപടി പ്രസംഗം നടത്തും. ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന് നായര്‍ നന്ദി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: