തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ ഒഴിവാക്കിക്കൊണ്ടല്ല മറിച്ച് പൂര്‍ണമായി ഉള്‍പ്പെടുത്തിയാണ് മലയാളനിയമം പാസ്സാക്കേണ്ടതെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നിയസഭയിലേക്ക് മാര്‍ച്ച് നടത്തി. കവി വി. മധുസൂദനന് നായര്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ വി.എന്‍. മുരളി അധ്യക്ഷനായി. നമ്മുടെ കുട്ടികളെ മലയാളമെന്ന മാതൃഭാഷ പഠിപ്പിക്കാതിരുന്നാല്‍ ചരിത്രവും ജീവിതമൂല്യവും അറിയാത്തവരായി വളരും. അങ്ങനെയുള്ള തലമുറയാണ് വളര്‍ന്നു വരുന്നതെങ്കില്‍ നിക്ഷിപ്തതാത്പര്യങ്ങളുടെ വിഭാഗീയതയ്ക്കു മാത്രം വളക്കൂറുള്ള നാടായി കേരളം മാറിപ്പോകും. അതിനുവേണ്ടിയാണ് വിദ്യാഭ്യാസത്തില്‍ നിന്ന് മലയാളത്തെ അകറ്റുന്നത്. ഇത് അനുവദിക്കാന്‍ പാടില്ല. പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള എല്ലാ കുട്ടികളും നിര്‍ബന്ധമായി പഠിക്കുന്ന ഭാഷയാകണം മലയാളം. ബിരുദബിരുദാനന്തരതലങ്ങളിലും പാഠ്യപദ്ധതിയില്‍ മാതൃഭാഷ ഉള്‍പ്പെടുത്തണമെന്നും വി. മധുസൂദനന് നായര്‍ പറഞ്ഞു. പി.പവിത്രന്, ആര്. നന്ദകുമാര്‍, കെ.കെ. സുബൈര്‍, നടുവട്ടം ഗോപാലകൃഷ്ണന്, കെ.എം. ഭരതന്, സജിന്‍ ബാബു എന്നിവര്‍ സംസാരിച്ചു. വി.എസ്. അച്യുതാനന്ദന്റെ സന്ദേശം മാര്‍ച്ചില്‍ വായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: