നെടുമങ്ങാട്: അരുവിക്കരയിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിട്ടുനിന്നെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന അരുവിക്കര പഞ്ചായത്തില്‍ ആയിരത്തില്‍പരം വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ ശബരീനാഥന് പിന്നിലായതും ഇപ്പോള്‍ നടന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മൂന്നുസീറ്റുകള്‍ മാത്രം കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞതും നേതൃത്വത്തിന്റെ പരാജയമാണെന്ന് യൂത്ത്കോണ്‍ഗ്രസ് ആരോപിക്കുന്നു.
സ്വാര്‍ഥ-വ്യക്തി താത്പര്യങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്കി ജനസ്വാധീനമുള്ള പലരെയും ഒഴിവാക്കിയതും യൂത്തുകോണ്ഗ്രസിനെയും മഹിളാകോണ്ഗ്രസിനെയും തഴഞ്ഞതും തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായെന്ന് അവര്‍ ആരോപിക്കുന്നു. മുന്‍ മണ്ഡലം പ്രസിഡന്റും ഇപ്പോഴത്തെ മണ്ഡലം പ്രസിഡന്റും നിലവിലെ പഞ്ചായത്തു പ്രസിഡന്റും നിലവിലെ ബ്ലോക്ക് മെമ്പറുമടക്കം പ്രചാരണത്തിന് സജീവമാകാത്തതും പരാജയകാരണമായാണ് യൂത്തുകോണ്‍ഗ്രസ് ചൂണ്ടികാണിക്കുന്നത്. വാര്‍ഡ് കമ്മറ്റികളിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പേരുപറയാത്ത വ്യക്തിയെ ബ്ലോക്കില്‍ മത്സരിപ്പിക്കാന്‍ മുന്‍ബ്ലോക്ക് മെമ്പര്‍ ശ്രമിച്ചതും പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യത്തിന് വഴിയൊരുക്കി.
എന്നാല്‍ അരുവിക്കര പഞ്ചായത്തിലെ പ്രബലസമുദായമായ നാടാര്സമുദായത്തെ മാറ്റിനിര്‍ത്തിയത് പരാജയകാരണമെന്നാണ് മറുപക്ഷം ആരോപിക്കുന്നത്. പാറക്വാറി മുതലാളിമാരുടെയും കോണ്‍ട്രാക്ടര്‍മാരുടെയും സഹായികളായി കഴിഞ്ഞ പഞ്ചായത്തുഭരണം മാറിയെന്നും കോണ്‍ഗ്രസിനുള്ളില്‍ പരസ്യമായ രഹസ്യമാണ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായതിനാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍വലിഞ്ഞത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ഗ്രൂപ്പ് ഭേദമെന്യേയുള്ള പ്രവര്‍ത്തകര്‍ പറയുന്നു. അരുവിക്കര പഞ്ചായത്തില്‍ അടിക്കടിയുണ്ടാകുന്ന കോണ്‍ഗ്രസിന്റെ പരാജയം നേതൃത്വങ്ങളുടെ ശീതസമരമാണെന്നും അവര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: