തിരുവനന്തപുരം: ശബരിമലയെ മാലിന്യമുക്തമാക്കാനുള്ള പുണ്യം പൂങ്കാവനം പദ്ധതിയുമായി ടെക്നോപാര്‍ക്കിലെ ടെക്കികള്‍ ജില്ലയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. സാംസ്കാരികസേവനപഠന കൂട്ടായ്മയായ വിവേകാനന്ദ സ്റ്റഡി സര്‍ക്കിളിന്റെ(വിഎസ്സി) ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പമ്പാനദിയില്‍ വസ്ത്രം ഉപേക്ഷിക്കുന്നത് ദുരാചാരമാണെന്ന സന്ദേശവുമായാണ് ക്ഷേത്രങ്ങള്‍തോറും സംഘം സമ്പര്‍ക്കം നടത്തിയത്.
പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്ന് ടെക്കികള്‍ അടങ്ങുന്ന സംഘം യാത്രയ്ക്ക് തുടക്കം കുറിച്ചു. ക്ഷേത്രക്കമ്മറ്റികള്ക്കും ഗുരുസ്വാമിമാര്‍ക്കും സന്ദേശങ്ങള്‍ കൈമാറിയും അയ്യപ്പന്മാരോടു സംവദിച്ചും ബാനറുകള്‍ സ്ഥാപിച്ചുമുള്ള യാത്രയ്ക്ക് അനുകൂല പ്രതികരണമാണ് ലഭിച്ചത്.
ടെക്ക്നോപാര്‍ക്കില്‍ നിന്ന് പമ്പയിലേക്ക് ടെക്കികളുടെ തന്നെ ബോധവത്കരണ യാത്ര നടത്തും. പമ്പ ശുചീകരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഈ മണ്ഡലകാലത്ത് വിവേകാനന്ദ സ്റ്റഡിസര്‍ക്കിളിന്റെ ആഭിമുഖ്യത്തില്‍ നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിച്ച സംഘത്തിന് വരുണ്‍, വിനോദ്, ഗിരീഷ്, മുരളീധരന്, വിഷ്ണു തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. സ്വദേശിജാഗരണ്‍ മഞ്ച് മുന്‍ സംസ്ഥാന കണ്‍വീനര്‍ എം. ഗോപാല്‍ മാര്‍ഗ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: