തിരുവനന്തപുരം: പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങ് കേസരി ഹാളില്‍ നടന്നു. തന്റെ വാക്കിലും ചിന്തയിലും ജനപക്ഷ നിലപാടു സ്വീകരിച്ച വ്യക്തിയായിരുന്നു ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെന്നു പ്രതിപക്ഷ നേതാവു വി.എസ്. അച്യുതാനന്ദന് പറഞ്ഞു. നീതി ബോധത്തിന്റെ കാവലാളായിരുന്ന കൃഷ്ണയ്യരുടെ വാക്കുകള്‍ക്കായി കേരളം കാതോര്‍ത്തിരുന്നിട്ടുണ്ട്. ജയില്നിയമ വകുപ്പുകളില്‍ അദ്ദേഹം വരുത്തിയ പരിഷ്കാരങ്ങള്‍ ചരിത്രത്തിന്റെ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തിയവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് സംഘടിപ്പിച്ച കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റണമെന്ന ആഗ്രഹം ഇപ്പോള്‍ ചില കേന്ദ്രങ്ങളില്‍ ആരംഭിച്ചതായി ജസ്റ്റിസ് ശ്രീധരന് പറഞ്ഞു. ഈ പ്രവണത മുളയിലേ നുള്ളിയില്ലെങ്കില്‍ നിയമവ്യവസ്ഥയോടുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. വാദിയും പ്രതിയും തമ്മിലുള്ള തര്ക്കപരിഹാരത്തിനപ്പുറം സാമൂഹ്യവിഷയങ്ങളില്‍ ഇടപെട്ട വ്യക്തിയായിരുന്നു കൃഷ്ണയ്യരെന്നു ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്, ചെറുന്നിയൂര്‍ ശശിധരന് നായര്‍, എം.വിജയകുമാര്‍, എന്‍. ബാലഗോപാല്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: