പേട്ട: ആക്കുളം കായലിലെ ആത്മഹത്യാ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. ആറ്റിങ്ങല്‍ തോട്ടയ്ക്കാട് ലൈല മന്‍സിലില്‍ നാസറി(45)നെയാണ് ഇന്നലെ രാവിലെ പതിനൊന്നരയോടെ പേട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ സംഭവവുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 7 മണിയോടെയാണ് കിളിമാനൂര്‍ സ്വദേശികളായ ജാസ്മിയും മകള്‍ ഫാത്തിമയും ആക്കുളം കായലില്‍ ചാടി ആത്മഹത്യ ചെയ്തത്. കൂടെ കായലിലേക്ക് ചാടിയ ജാസ്മിയുടെ ഉമ്മ സോഫിദയെ പോലീസ് രക്ഷപ്പെടുത്തി. സംഭവ സമയത്ത് ആത്മഹത്യയ്ക്ക് അറച്ചു നിന്ന ജാസ്മിയുടെ മക്കളായ റംസിനും റൈഹാനും പോലീസിന് നല്കിയ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.
ജാസ്മിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ നാസറിനെ കൂടാതെ വലിയുമ്മമാരായ മെഹത്ബാനെയും മുംതാസിനെയും പ്രതികളാക്കി പോലീസ് കേസെടുത്തു. എന്‍എംഎസ് എന്ന പേരില്‍ ആറ്റിങ്ങല്‍ റൂട്ടിലോടുന്ന രണ്ടു ബസ്സുകള്‍ നാസറിന് സ്വന്തമായുണ്ട്.
ശംഖുംമുഖം എസി ജവഹര്‍ ജനാര്‍ദ്ദിന്റെ നിര്‍ദ്ദേശപ്രകാരം പൂന്തുറ സിഐ എസ്.വൈ. സുരേഷ്കുമാര്‍, ക്രൈം എസ്ഐ താജുദ്ദീന്, എഎസ്ഐമാരായ സലിം, സുരേഷ്, എസ്സിപിഒമാരായ ഗോപകുമാര്‍, സാലികുമാര് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
മൂന്നുപേര്‍ ആത്മഹത്യചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കൂട്ട ആത്മഹത്യയുടെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ബി. സത്യന് എംഎല്‍എ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കുടുംബ സുഹൃത്തായ യുവാവിനെ ബന്ധുക്കള്‍ സംശയിക്കുന്ന പശ്ചാത്തലത്തിലാണ് സമഗ്രാന്വേഷണം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: